സിയാൽ എയ്റോ പാർക്കിന്റെ ഒന്നാംഘട്ടം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
നെടുമ്പാശ്ശേരി: വിമാനത്താവളത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഭംഗിയായി വിനിയോഗിച്ചു എന്നതാണ് സിയാലിന്റെ വിജയരഹസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 36 ഏക്കറിലുള്ള സിയാൽ എയ്റോ പാർക്കിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയാലിനെ സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കി മാറ്റുകയാണ് ലക്ഷ്യം. ഐടി പാർക്ക് ഉൾപ്പെടുന്ന രണ്ടാംഘട്ടവും എയ്റോ സിറ്റി ഉൾപ്പെടുന്ന മൂന്നാംഘട്ടവും ഉടൻ യാഥാർഥ്യമാകും-മുഖ്യമന്ത്രി പറഞ്ഞു.
കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് ഏതൊരു വികസനത്തിന്റെയും വിജയം. ഏവിയേഷൻ സംബന്ധമായ അറ്റകുറ്റപ്പണികൾ, ട്രെയിനിങ്, ടെക്നിക്കൽ സപ്പോർട്ട് സർവീസുകൾ എന്നിവയ്ക്കായുള്ള പ്രത്യേക മേഖലയായാണ് എയ്റോ പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും എംആർഒ വിഭാഗങ്ങൾക്കും പുറമേ 101 കോടി രൂപയുടെ പുതിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിമാന അറ്റകുറ്റപ്പണികൾ, പാർക്കിങ്, എൻജിൻ സ്റ്റോറേജ്, ട്രെയിനിങ് ഹാളുകൾ, ക്ലാസ്റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ പാർക്കിലുണ്ടെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി വിമാനത്താവളം ഇന്ത്യയിലെ തന്നെ പ്രധാന ഏവിയേഷൻ ഹബ്ബായി മാറുന്നു. ഏത് പുതിയ പ്രോജക്ടിനെ കുറിച്ച് സംസാരിച്ചാലും മുഖ്യമന്ത്രി അത് അംഗീകരിക്കാറുണ്ടെന്നും സിയാൽ ഡയറക്ടറും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി പ്രതികരിച്ചു. ഒരുപാട് എയർലൈൻസ് കൊച്ചിയിലേക്ക് എത്താൻ താത്പര്യം അറിയിച്ചിട്ടുണ്ട്. അതിന് വേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
40,000 ചതുരശ്ര അടിയിൽ 30 കോടി രൂപ ചെലവഴിച്ചു നിർമിച്ച സി.ഐ.എ.എസ്.എൽ. ബിസിനസ് സെന്റർ, എയർസൈഡ് ഓപ്പറേഷൻസിന്റെ സുരക്ഷയ്ക്കായുള്ള 13 കോടിയുടെ ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, അഗ്‌നിരക്ഷാസേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിന് രണ്ടുകോടി ചെലവിൽ നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
കൂടാതെ, 45 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൂന്നാമത്തെ ഹാങ്ങർ നിർമാണം പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം വ്യോമയാന സുരക്ഷാപരിശീലനത്തിനായി എട്ടുകോടി രൂപയുടെ ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിങ് ഫെസിലിറ്റി, ഇന്ത്യയിലാദ്യമായി ഒരു വിമാനത്താവളത്തിനുള്ളിൽ മൂന്നുകോടി രൂപ ചെലവിൽ നിർമിക്കുന്ന അണ്ടർ വാട്ടർ റെസ്‌ക്യു ട്രെയിനിങ് ഫെസിലിറ്റി എന്നിവയുടെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനായി. സിയാൽ ഡയറക്ടറും വ്യവസായിയുമായ എം.എ. യൂസഫലി, എം.എൽ.എ.മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, രാജ്യസഭാ എം.പി. അഡ്വ. ഹാരിസ് ബീരാൻ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്താപോൾ തുടങ്ങിയവർ പങ്കെടുത്തു.
