യുഎഇക്കും കുവൈത്തിനും പിന്നാലെ ബഹ്റൈനിലേക്കും പ്രത്യേക വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു ; വരും ദിവസങ്ങളിലും കൂടുതൽ സർവ്വീസ്
ദുബായ് : ഇന്ത്യൻ പ്രവാസികൾക്ക് അടക്കം വലിയ ആശ്വാസമേകി, ഗൾഫിൽ ആവശ്യസാധനങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കി ലുലു. ഇതിന്റെ ഭാഗമായി കൂടുതൽ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ ലുലു എത്തിച്ചു. കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഉൾപ്പടെയാണ് ഗൾഫിലെ ലുലു സ്റ്റോറുകളിലേക്ക് പ്രത്യേക വിമാനങ്ങളിൽ ലഭ്യമാക്കുന്നത്.
യുഎഇക്കും കുവൈത്തിനും പിന്നാലെ ബഹ്റൈനിലേക്കും ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കി. കൊച്ചിയിൽ നിന്ന് 5.5 ടൺ പഴം പച്ചക്കറി, മുംബൈയിൽ നിന്ന് 6 ടൺ പഴം പച്ചക്കറി, തായ്ലാൻഡിൽ നിന്ന് 15.6 ടൺ പഴം പച്ചക്കറി, കരിക്ക്, ജ്യൂസ് അടക്കം ദമ്മാം വിമാനത്താവളം വഴി ബഹ്റൈനിലേക്ക് എത്തിച്ചു.

കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് 82 ടൺ ഭക്ഷ്യോത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് എത്തിച്ചിരുന്നു. കേരളത്തിൽ നിന്ന് ഉൾപ്പടെ 32 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങൾ കൊച്ചിയിൽ നിന്നും, ഇറച്ചി ഉത്പന്നങ്ങൾ അടക്കം ഡൽഹിയിൽ നിന്ന് 50 ടൺ ഭക്ഷ്യോത്പന്നങ്ങളുമാണ് കുവൈറ്റ് എയർവേസിന്റെ പ്രത്യേക വിമാനങ്ങളിൽ കുവൈറ്റിലേക്ക് എത്തിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള 80 ടണ്‍ പഴം, പച്ചക്കറികളും ഡൽഹിയിൽ നിന്ന് 80 ടൺ ഇറച്ചി ഉത്പന്നങ്ങളും യുഎഇയിലേക്ക് ലുലു എത്തിച്ചിരുന്നു. 8 ദിവസത്തിനിടെ ഇരുപതോളം വിമാനങ്ങളിലായി ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യോപന്നങ്ങൾ ജിസിസി വിപണികളിലേക്ക് ലുലു ലഭ്യമാക്കിയിരുന്നു. കൂടാതെ, വരും ദിവസങ്ങളിലും കൂടുതൽ സർവ്വീസുകൾ നടത്താനാണ് ലുലുവിന്റെ തീരുമാനം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലെ കർഷകർക്കും ഭക്ഷ്യ കയറ്റുമതി മേഖലയ്ക്കും വലിയ ആശ്വാസമാകുന്നത് കൂടിയായി ലുലുവിന്റെ നീക്കം. കാർഷിക കയറ്റുമതി രംഗത്തിനും ഉണർവേകുന്നതാണ് ഈ നടപടി. അവശ്യ ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലസ്ഥിരതയും ലുലു ഉറപ്പാക്കിയിട്ടുണ്ടെന്നും, ആശങ്കയുടെ ആവശ്യമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave feedback about this