കൊച്ചി: വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിൽ പുള്ളികൾക്കാണ് ലഭിക്കുന്നതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തൃക്കാക്കര മണ്ഡലത്തിൽ എൽ.പി.യു.പി വിഭാഗം കുട്ടികൾക്കായി ഉമാ തോമസ് എം.എൽ.എ നടപ്പിലാക്കുന്ന സുഭിഷം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ. ജയിലിലാണ് മികച്ച ഭക്ഷണം ഇപ്പോൾ ഒരുങ്ങുന്നത്.

അതിനൊരു മാറ്റം വരണം. കുറ്റവാളികളെ വളർത്താനല്ല കുറ്റമറ്റവരെ സംരക്ഷിക്കാനായിട്ടാണ് സർക്കാരും ശ്രമിക്കേണ്ടതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. കുട്ടികൾക്കായി ഒരുക്കിയ ഭക്ഷ്യപദ്ധതി മികച്ച തുടക്കമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇടപ്പള്ളി ബി.ടി.എൽ. എൽ.പി സ്കൂളിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. കുട്ടികൾക്കും ഉമാ തോമസ് എം.എൽ.എയ്ക്കുമൊപ്പം ഭക്ഷണം കഴിച്ചുമാണ് താരം മടങ്ങിയത്.