കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് നടത്തിയ അഭിപ്രായസര്‍വേയില്‍ സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കില്‍ തീരുമാനം മറ്റൊന്ന് ആകുമായിരുന്നെന്ന് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തതെന്നും കൗണ്‍സിലര്‍മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റിയില്ലെന്നും പറഞ്ഞു. അതേസമയം തനിക്ക് നിരാശയുമില്ല പരാതിയുമില്ലെന്നും രണ്ട് മേയര്‍മാര്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും ദീപ്തി മേരി വര്‍ഗ്ഗീസ് വ്യക്തമാക്കി.
സ്ഥാനങ്ങള്‍ മോഹിച്ചല്ല രാഷ്ട്രീയത്തില്‍ വന്നത്. നടപടിക്രമങ്ങള്‍ പാലിക്കാത്തത്തില്‍ അഭിപ്രായം പറയേണ്ടത് കെപിസിസിയും ജില്ല നേതൃത്വവുമാണ്. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയതില്‍ സുതാര്യതയില്ലായിരുന്നെന്നും തനിക്ക് കൗണ്‍സിലര്‍മാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ലെന്നും നേതൃത്വം നല്‍കിയവര്‍ മറുപടി പറയണമെന്നും ദീപ്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളിലും ഇത് വലിയ അതൃപ്തിക്ക് കാരണമായി മാറിയിട്ടുണ്ട്. ദീപ്തി മേരി വര്‍ഗീസിനെ ഒഴിവാക്കിയതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സമൂഹ്യ മാധ്യമത്തില്‍ ദീപ്തിക്ക് പിന്തുണ നല്‍കി മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നു. അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രംഗത്ത് വന്നിരുന്നു. കെപിസിസി മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്നും കൊച്ചി കോര്‍പ്പറേഷനില്‍ ഗ്രൂപ്പ് സജീവമാണെന്നും അജയ് തറയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
