loginkerala lk-special 75 വയസുകാരി സുലോചനയുടെ കൈപിടിച്ച് 79കാരൻ; വൃദ്ധസദനത്തിലെ മാം​ഗല്യത്തിന് മന്ത്രി സാക്ഷി
lk-special

75 വയസുകാരി സുലോചനയുടെ കൈപിടിച്ച് 79കാരൻ; വൃദ്ധസദനത്തിലെ മാം​ഗല്യത്തിന് മന്ത്രി സാക്ഷി

തൃശൂർ: സർക്കാർ വൃദ്ധസദനത്തിൽ നിന്നും പുതിയ ജീവിത പാതയിലേക്ക് വിജയരാഘവനും സുലോചനയും.തൃശ്ശൂർ രാമവർമ്മപുരം വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചുള്ള യാത്ര ആരംഭിക്കുകയാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് 79 വയസ്സുള്ള വിജയരാഘവന്റേയും 75 വയസ്സുള്ള സുലോചനയുടെയും വിവാഹം നടന്നത്. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, മേയർ എം കെ വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019 ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് തൃശൂർ ഗവൺമെന്റ് വൃദ്ധസദനത്തിൽ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം സാമൂഹ്യനീതി വകുപ്പിനെ അറിയിക്കുകയായിരുന്നു.സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഇരുവരും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താൻ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും,ഡയറക്ടറും വകുപ്പ് ഉദ്യോഗസ്ഥരും വൃദ്ധസദനം മാനേജ്മെന്റ് കമ്മിറ്റിയും ഒരുക്കങ്ങൾ നടത്തി ഇവരുടെ വിവാഹം നടത്തുകയായിരുന്നു.

ജീവിതസായന്തനത്തിൽ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ ഒരു ദാമ്പത്യം ഇവർക്കുണ്ടാകട്ടെ എന്നും
ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു പുതുദമ്പതികൾക്ക് മധുരം നൽകി.മേയർ എം.വർഗീസ്സും ദമ്പതികൾക്ക്‌ ആശംസകൾ നേർന്നു.

കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ.പ്രദീപൻ,കൗൺസിലർ,വൃദ്ധസദനം സൂപ്രണ്ട് രാധിക,താമസക്കാർ തുടങ്ങിയവർ സന്തോഷത്തിൽ പങ്കുചേർന്നു

Exit mobile version