തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്. വൈകുന്നേരം മൂന്നിന് പുതിയ പോലീസ് മേധാവി ചുമതലയേറ്റെടുക്കും.
യുപിഎസ്സി കൈമാറിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു ഐബി സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖർ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് ഒരുവർഷം കൂടി സർവീസ് കാലാവധിയുണ്ട്.
തലശേരി എഎസ്പിയായി സർവീസ് ആരംഭിച്ച റവാഡ കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം വിവിധ ജില്ലകളിൽ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു.
ഐബിയിലേക്ക് ഡപ്യൂട്ടേഷനിൽ പോയ അദ്ദേഹം നക്സൽ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികകളിൽ ജോലി ചെയ്തു. പിന്നീട് ഐബി സ്പെഷൽ ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് സംസ്ഥാന പോലീസ് മേധാവി തസ്തികയിലേക്ക് വരാൻ താത്പര്യമറിയിച്ചത്. ഭാര്യ: സരിത. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.