loginkerala breaking-news തദ്ദേശ തിരഞ്ഞെടുപ്പിൽ കുതിച്ചുകയറി യു.ഡി.എഫ്; തഴച്ച് വളർന്ന് ബി.ജെ.പിയും
breaking-news Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ കുതിച്ചുകയറി യു.ഡി.എഫ്; തഴച്ച് വളർന്ന് ബി.ജെ.പിയും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ്. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ കൈവിട്ട തൃശൂർ, എറണാകുളം കോർപ്പറേഷനുകളിൽ യു.ഡി.എഫ് മുന്നേറുകയാണ്.

തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറാനായതാണ് എൻ.ഡി.എയുടെ പ്രധാനനേട്ടം. എൽ.ഡി.എഫ് മുന്നേറ്റം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഒതുങ്ങി.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് മുന്നിലാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്.

എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സംസ്ഥാനത്തിൻ്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തൽ. ഈ ട്രെൻഡ് തുടര്‍ന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.

Exit mobile version