ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി. വേണുഗോപാൽ മുന്നിൽ. പ്രഖ്യാപനം വൈകിപ്പിക്കില്ലെന്നും ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ടെന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 63 എംഎൽഎമാരിൽ ഏറ്റവും കൂടുതൽ പേർ ആരെയാണ് പിന്തുണച്ചത് എന്നത് മാത്രമാണ് ഹൈക്കമാൻഡ് പരിഗണിച്ചിരിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം.
ഇന്നലെ രാത്രിതന്നെ ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. സോണിയാ ഗാന്ധിയുമായി ചില ഔപചാരിക ചർച്ചകൾക്ക് മാത്രമാണ് ഇനി സാധ്യതയെന്നും ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ ഘടകകക്ഷികൾക്കും വലിയ എതിർപ്പുണ്ടാവില്ല എന്നുമാണ് ഡൽഹിയിൽനിന്നും ലഭിക്കുന്ന വിവരം.
പ്രഖ്യാപനം കേരളത്തിൽവെച്ച് വേണോ അതോ ഡൽഹിയിൽവെച്ച് വേണോ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ഡൽഹിയിൽവെച്ചാണെങ്കിൽ രാഹുൽ ഗാന്ധിയോ മല്ലികാർജുൻ ഖാർഗെയോ ആയിരിക്കും പ്രഖ്യാപനം നടത്തുക. കേരളത്തിലാണെങ്കിൽ നിയമസഭാ കക്ഷിയോഗം വിളിച്ച് ഹൈക്കമാൻഡിന്റെ തീരുമാനം അവിടെവെച്ച് അറിയിച്ചേക്കും.
