ചെന്നൈ: ഊട്ടിയിൽ സ്വകാര്യ ബസ് നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിലെ യാത്രക്കാരായ 36 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ഊട്ടിയിൽ നിന്ന് തങ്കാടിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. മണലാട് എന്ന സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കൃഷിയിടത്തിലേക്ക് തലകുത്തനെ മറിയുകയുമായിരുന്നു.
അഗ്നിശമന സേന എത്തിയാണ് ബസിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെത്തിച്ചത്. പരിക്കേറ്റ യാത്രക്കാർ ഊട്ടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ബസ് ഭാഗികമായി തകർന്നു.
