വിഷ്ണു മഞ്ചുവിന്റെ പുരാണ ആക്ഷൻ ഡ്രാമയായ “കണ്ണപ്പ’ ഒടിടിയിലേക്ക്. വെള്ളിയാഴ്ച (ജൂലൈ 25) ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുമെന്നാണ് റിപ്പോർട്ട്. പ്രദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മോഹൻലാലും, പ്രഭാസും ചിത്രത്തിൽ അതിഥിതാരങ്ങളായി എത്തുന്നുണ്ട്.
കണ്ണപ്പയുടെ തിയേറ്റർ റിലീസിന് മുമ്പുള്ള പ്രമോഷണൽ പരിപാടിയിൽ സ്ട്രീമിംഗ് അവകാശങ്ങൾ മുൻകൂട്ടി വിൽക്കേണ്ടതില്ലെന്ന് താരം തീരുമാനിച്ചിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി ചർച്ചകളിൽ ഏർപ്പെടുന്നതിനു മുമ്പ്, ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള മൂല്യം വിലയിരുത്തി കാത്തിരിക്കാനായിരുന്നു അണിയറക്കാർ തീരുമാനിച്ചത്. എന്നാൽ, പ്രതീക്ഷിച്ചപോലെ കണ്ണപ്പ തിയറ്ററുകളിൽ ബംബർ ഹിറ്റ് ആയി മാറിയില്ല.
റിപ്പോർട്ട് ചെയ്യപ്പെട്ട തീയതി ശരിയാണെങ്കിൽ, തിയേറ്ററിൽ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ എത്തുന്ന തെലുങ്ക് ചിത്രങ്ങളിലൊന്നായി മാറും കണ്ണപ്പ. പ്രേക്ഷകരിൽ നിന്നു വലിയ സ്വീകാര്യത ലഭിക്കാത്തതിനാലും നെഗറ്റീവ് പ്രതികരണങ്ങൾകൊണ്ടും ഇതിഹാസ ചിത്രത്തിനു വലിയരീതിയിൽ കളക്ഷൻ നേടാൻ കഴിഞ്ഞില്ല.
മുകേഷ് കുമാർ സിംഗ് ആണ് കണ്ണപ്പയുടെ സംവിധായകൻ. പുരാണത്തിലെ ഒരു കഥയുടെ ദൃശ്യാനുഭവമാണു ചിത്രം പകരുന്നത്. കാജൽ അഗർവാൾ, മോഹൻ ബാബു, അക്ഷയ് കുമാർ എന്നിവരുൾപ്പെടെയുള്ള മികച്ച നിരയാണ് ചിത്രത്തിനുള്ളത്. ഷെൽഡൻ ചൗവിന്റെ ഛായാഗ്രഹണം വനപ്രദേശങ്ങളുടെയും അനുഭൂതികളുടെയും നിമിഷങ്ങൾ സൂക്ഷ്മതയോടെ പകർത്തി. വെള്ളിത്തിരയിൽ ദൃശ്യവിസ്മയംതന്നെയാണ് കണ്ണപ്പ തീർത്തത്. പുരാണത്തിൽനിന്നുള്ള ഭക്തിനിർഭരമായ ഏട് ഒടിടിയിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് അണിയറക്കാരുടെ വിശ്വാസം.
Leave feedback about this