loginkerala breaking-news ​ഗാന​ഗന്ധർവ്വന് ഇന്ന് 86ാം പിറനാൾ ; ആശംസ നേർന്ന് മുഖ്യമന്ത്രിയും
breaking-news Kerala

​ഗാന​ഗന്ധർവ്വന് ഇന്ന് 86ാം പിറനാൾ ; ആശംസ നേർന്ന് മുഖ്യമന്ത്രിയും

ദാസേട്ടൻ എന്ന് കേരളം സ്നേഹത്തോടെ വിളിച്ച ​ഗാന​ഗന്ധർവന് ഇന്ന് 86 ആം പിറന്നാള്‍. സം​ഗീതത്തെ സ്നേഹിക്കുന്ന ഒരു മലയാളിയുടേയും ദിവസങ്ങൾ യേശുദാസിന്റെ പാട്ടുകളില്ലാതെ കടന്നുപോയിട്ടില്ല. 65 വർഷങ്ങൾക്ക് മുമ്പാണ് എംബിഎസ് ഈണം പകർന്ന ​ഗാനത്തിലൂടെ ആദ്യമായി അദ്ദേഹം ചലച്ചിത്ര പിന്നണി ​ഗായകനായി എത്തുന്നത്. ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സർവരും..’ എന്നു തുടങ്ങുന്ന ​ഗാനമായിരുന്നു യേശുദാസ് അന്ന് ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിനായി പാടിയത്. അന്നുമുതൽ മലയാളികളുടെ മനസ്സിൽ തുടർച്ചയായി ആറരപതിറ്റാണ്ടോളം സപ്തസ്വര വിസ്മയം തീർക്കുകയായിരുന്നു യേശുദാസ്.

ദേവരാജന്‍ മാഷ് ഈണം നൽകിയ 650ലേറെ ഗാനങ്ങള്‍ക്കും രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ 339 ഗാനങ്ങള്‍ക്കും ​ഗാന​ഗന്ധർവൻ ശബ്ദം നൽകി. വയലാറിന്റെ 445 പാട്ടുകളും ശ്രീകുമാരന്‍ തമ്പിയുടെ 500 ലേറെ പാട്ടുകളും യേശുദാസ് പാടി. 45,000 ലേറെ സിനിമാ ​ഗാനങ്ങൾ അദ്ദേഹത്തിൻരെ സ്വരമാധുരിയോടെ പിറന്നു. യേശുദാസിനെ 8 തവണ ദേശീയ പുരസ്‍കാരം നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.

24 തവണ കേരള സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടി. മറ്റുസംസ്ഥാനങ്ങളും ഭാഷകളും അദ്ദേഹത്തിന് അന്യമായിരുന്നില്ല. മറ്റുസംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും പല തവണ അദ്ദേഹത്തെ തേടിയെത്തി. പന്ത്രണ്ട് സിനിമകളില്‍ അദ്ദേഹം പാടി അഭിനയിച്ചിട്ടുണ്ട്. നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. 1977ല്‍ പത്മശ്രീയും 2002ല്‍ പദ്‍മഭൂഷണും 2017ല്‍ പദ്‍മവിഭൂഷണും യേശുദാസിനെ തേടിയെത്തി.

ആശംസ നേർന്ന് മുഖ്യമന്ത്രിയും

മലയാളികളുടെ പ്രിയ ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ. പതിറ്റാണ്ടുകൾ നീണ്ട കലാജീവിതം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ സർഗ്ഗപ്രതിഭയാണ് യേശുദാസ്. തന്റെ സ്വരമാധുര്യം കൊണ്ട് യേശുദാസ് അനശ്വരമാക്കിയ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്തവരായി ആരുമുണ്ടാകില്ല. മലയാളത്തിൽ മാത്രമല്ല, വിവിധ ഭാഷകളിലായി അദ്ദേഹം ആലപിച്ചത് പതിനായിരക്കണക്കിന് ഗാനങ്ങളാണ്. ജനപ്രിയ സംഗീതത്തിനെന്ന പോലെ ശാസ്ത്രീയ സംഗീതത്തിനും വലിയ സംഭാവനകളാണ് യേശുദാസ് നൽകിയത്. ഉച്ചനീചത്വങ്ങളില്ലാത്ത ഒരു സമൂഹം പുലരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മലയാളികളുടെ സാംസ്‌കാരിക ബോധത്തിൽ ആഴത്തിൽ വേരൂന്നിയ ശബ്ദസാന്നിധ്യമായ യേശുദാസിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Exit mobile version