loginkerala movies ജെഎസ്‌കെ; സമൂഹത്തിനുനേരെ തുറന്നുവച്ച കണ്ണാടി, വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍
movies

ജെഎസ്‌കെ; സമൂഹത്തിനുനേരെ തുറന്നുവച്ച കണ്ണാടി, വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍

സുരേഷ് ഗോപിയുടെ 253-ാമതു ചിത്രം ജെഎസ്‌കെ, വലിയ വിവാദങ്ങള്‍ക്കൊടുവില്‍ തിയറ്ററുകളിലെത്തി. സുരേഷ് ഗോപി ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകന്റെ വേഷമാണു കൈകാര്യം ചെയ്യുന്നത്. പീഡനത്തിനിരയായി നീതി തേടി കോടതിയില്‍ എത്തുന്ന ജാനകി വി എന്ന കഥാപാത്രമായി അനുപമ പരമേശ്വരനും. വന്‍ പ്രേക്ഷകപ്രീതിയാണ് ചിത്രം നേടിയത്. പ്രവീണ്‍ നാരായണന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കോര്‍ട്ട് റൂം ഡ്രാമയാണ്. ചിത്രത്തിന്റെ തിരക്കഥയും പ്രവീണ്‍ തന്നെയാണ് എഴുതിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച പേരുമാറ്റവും മറ്റു തിരുത്തലുകളും വരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പകുതിയോളം കോടതി രംഗങ്ങളാണ്. ചിത്രത്തെക്കുറിച്ച് പ്രവീണ്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും സര്‍ക്കാരും


ക്രൂരമായ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടിയും സര്‍ക്കാരും തമ്മിലുള്ള വിഷയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജാനകി ഒരു ഇമേജാണ്. ഇതുപോലെയുള്ള പെണ്‍കുട്ടികളെ പ്രതിനിധീകരിക്കുന്ന കഥാപാത്രമെന്നും സംവിധായകന്‍ പറയുന്നു. ഇരയും ഇരയുടെ കുടുംബവും അനുഭവിക്കുന്ന തീഷ്ണമായ സന്ദര്‍ഭങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ പതിവുള്ള രാജ്യത്തു ജാനകിയുടെ കഥ പ്രാധാന്യമര്‍ഹിക്കുന്നതായും സംവിധായകന്‍ പറയുന്നു. അമ്മയെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ട ജാനകി അച്ഛന്റെ സംരക്ഷണയിലാണ് കഴിയുന്നത്. എന്‍ജിനിയറിങ് പഠനത്തിനുശേഷം ക്യാംപസ് സെലക്ഷനിലൂടെ ബംഗളൂരുവില്‍ ജോലിക്കെത്തുന്ന അവളിലൂടെയാണ് കഥയുടെ സഞ്ചാരം. വളരെയധികം ട്രോമയിലൂടെ കടന്നുപോകുന്ന കഥാപാത്രം സമൂഹമനസാക്ഷിക്കുനേരെ വിരല്‍ ചൂണ്ടുന്ന സമകാലികസത്യമാണ്.

സുരേഷ്ഗോപിയുടെ വക്കീല്‍ വേഷം


തീപ്പൊരി പോലീസുകാരനായും അഭിഭാഷകനായും ഇതിനുമുമ്പും ആക്ഷന്‍ഹീറോ വെള്ളിത്തിരയില്‍ നിറഞ്ഞാടിയുണ്ട്. ഇരയുടെ വക്കീല്‍ വേഷവും ഇതാദ്യമായല്ല. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലും താരം അഭിഭാഷകനായി എത്തുന്നു. കോടതി വെറുതേവിടുന്ന പ്രതിയുടെ ശിക്ഷ സുരേഷ് ഗോപിയുടെ കഥാപാത്രം നിര്‍വഹിക്കുകയും ചെയ്യുന്നു. ഒരു സ്റ്റൈന്‍ സുരേഷ് ഗോപിയല്ല ഈ ചിത്രത്തിലുള്ളത്. പ്രമേയത്തിനാണ് ഊന്നല്‍. ഒരു ആക്ടര്‍ എന്ന നിലയില്‍ത്തന്നൊണ് താരത്തിന്റെ പെര്‍ഫോമന്‍സ്.

ഒരു പത്രവാര്‍ത്ത


2018 മേയ് ആറിന് ഒരു പ്രമുഖ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് ജെഎസ്‌കെ സിനിമയുടെ ആരംഭം. കഥ സുരേഷ് ഗോപിയോടു പറഞ്ഞു. കഥ പറഞ്ഞ് മൂന്നു മാസത്തിനുശേഷം ഷൂട്ടിങ് തുടങ്ങി. സാമ്പത്തികപ്രശ്‌നങ്ങളില്‍ അകപ്പെട്ട് സിനിമയുടെ ചിത്രീകരണം മുടങ്ങി. 2022ല്‍ ആയിരുന്നു അത്. പിന്നീടു പതിനൊന്നു ഷെഡ്യൂളുകളായാണു സിനിമ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.

തീവ്ര സ്ത്രീപക്ഷ രാഷ്ട്രീയം
തീവ്ര സ്ത്രീപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സിനിമയാണ് ജെഎസ്‌കെ. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ഡേവിഡ് ആബേല്‍ (സുരേഷ് ഗോപി) അവിചാരിതമായാണ് കേസിലേക്കു കടന്നുവരുന്നത്. അദ്ദേഹം കേസ് ഏറ്റെടുക്കുന്നതോടെ കേസിന്റെ ഗതി മാറുന്നു. സുരേഷ് ഗോപിയെപ്പോലുള്ള നടന്‍ ഈ വേഷം കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ജനഹൃദയങ്ങളിലേക്ക് സിനിമ ഇറങ്ങിച്ചെല്ലുന്നത്. ഫയര്‍ബ്രാന്‍ഡ് സുരേഷ് ഗോപിയല്ല ചിത്രത്തില്‍. കമ്മീഷണര്‍, ചിന്താമണി കൊലക്കേസ് എന്നീ ചിത്രങ്ങളില്‍ തീപ്പൊരി സുരേഷ് ഗോപിയാണുള്ളത്. പക്ഷേ, പുതിയ കാലഘട്ടത്തില്‍ അതിനാടകീയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതു പരിമിതികള്‍ നിറഞ്ഞതാണ്. സമചിത്തതയുള്ള കഥാപാത്രമാകുമ്പോഴും കഥാപാത്രത്തിന്റെ ഫയര്‍ നഷ്ടപ്പെടുന്നുമില്ല. ആക്ഷന്‍ രംഗങ്ങള്‍ ഏറെ വ്യത്യസ്തമാണ്. മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍ എന്നിവരാണ് ആക്ഷന്‍ കൈകാര്യം ചെയ്തത്.

സ്‌നേഹിച്ചാല്‍ പ്രാണന്‍ നല്‍കുന്ന സുരേഷ് ഗോപി


വെള്ളിത്തിരയില്‍ സുരേഷ് ഗോപി താരവും പുറത്ത് അദ്ദേഹം പച്ചയായ മനുഷ്യനുമാണ്. ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ എല്ലാവരും അംഗീകരിക്കുന്ന പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. കോടതിരംഗങ്ങളിലെപ്പോഴോ ഞങ്ങള്‍ തമ്മില്‍ പിണങ്ങി. മൂന്നുദിനം പിണക്കം നീണ്ടുനിന്നു. എന്നോടു പിണങ്ങി അദ്ദേഹം ലഞ്ച് ഉള്‍പ്പെടെ കഴിക്കാന്‍ കൂട്ടാക്കിയില്ല. മൂന്നാംനാള്‍ വഴക്കു പരിഹരിച്ചു. സ്നേഹിച്ചാല്‍ പ്രാണന്‍ പറിച്ചുകൊടുക്കുന്ന വലിയ മനുഷ്യനാണ് അദ്ദേഹം. അതാണ് അദ്ദേഹത്തിന്റെ മഹത്വം.

Exit mobile version