കൊച്ചി:ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ, ജിയോ 66,000 പുതിയ മൊബൈൽ ഉപഭോക്താക്കളെ ചേർത്തതോടെ, മൊത്തം സബ്സ്ക്രൈബർമാരുടെ എണ്ണം 1.1 കോടിയായി ഉയർന്നു. വയർലൈൻ വിഭാഗത്തിലും ജിയോ 14,841 പുതിയ ഉപഭോക്താക്കളെ ചേർത്തു, ഇതോടെ കേരളത്തിലെ മൊത്തം ജിയോ വയർലൈൻ വരിക്കാരുടെ എണ്ണം 5.41 ലക്ഷമായി.
ദേശീയ തലത്തിൽ, റിലയൻസ് ജിയോ 32.49 ലക്ഷം വയർലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം വയർലൈൻ ഉപഭോക്താക്കളെയും പുതിയതായി നേടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വളർച്ച തുടർന്നു . ഫിക്സ്ഡ് വയർലെസ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ വർധനവോടെ, റിലയൻസ് ജിയോയുടെ മൊത്തം സബ്സ്ക്രൈബർ എണ്ണം ആദ്യമായി 50 കോടി കടന്നു; ഇപ്പോഴത്തെ മൊത്തം ഉപഭോക്തൃസംഖ്യ 50.64 കോടിയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ബി എസ് എൻ എൽ മൊബൈൽ സബ്സ്ക്രൈബർ അടിസ്ഥാനത്തിൽ ഭാരതി എയർടെലിനെ മറികടന്ന് മുൻതൂക്കം നിലനിർത്തി. സെപ്റ്റംബർ 2025 ലെ റിപ്പോർട്ടനുസരിച്ച് ബി എസ് എൻ എൽ 5.24 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തപ്പോൾ, ഭാരതി എയർടെൽ 4.37 ലക്ഷം ഉപഭോക്താക്കളെ ചേർത്തു. വോഡാഫോൺ ഐഡിയ (Vi) തുടർച്ചയായി മൊബൈൽ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തി.
രാജ്യത്തെ മൊത്തം ടെലികോം ഉപഭോക്തൃസംഖ്യ സെപ്റ്റംബറിൽ നേരിയ തോതിൽ ഉയർന്ന് 122.89 കോടിയായി. ഇതിൽ 118.23 കോടി വയർലെസ് ഉപഭോക്താക്കളും 4.66 കോടി വയർലൈൻ ഉപഭോക്താക്കളുമാണ്. ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 99.56 കോടിയായി.

Leave feedback about this