ദോഹ : ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഏകീകൃത സൈനിക കമാന്റിന് നിർദേശം നൽകി അറബ് രാജ്യങ്ങൾ. കഴിഞ്ഞ ദിവസം നടന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് ജി.സി.സി സുപ്രീം കൗണ്‍സില്‍ അടിയന്തര നടപടികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.. ജി സി സി ചാര്‍ട്ടര്‍, സംയുക്ത പ്രതിരോധ കരാര്‍ എന്നിവ പ്രകാരം ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും എല്ലാ അംഗങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണമായി കണക്കാക്കുമെന്നും കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു.
ഖത്തറിന്റെ പരമാധികാരവും സ്ഥിരതയും സുരക്ഷയും സംരക്ഷിക്കാന്‍ എല്ലാ കഴിവുകളും വിനിയോഗിക്കുമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രതിജ്ഞയെടുത്തു. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സംയുക്ത പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കുന്നതിനും ഗള്‍ഫിന്റെ പ്രതിരോധ ശേഷി പൂര്‍ണമായി വിന്യസിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഏകീകൃത സൈനിക കമാന്‍ഡിന് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. അംഗരാജ്യങ്ങള്‍ക്കെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തമായ പ്രതികരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആക്രമണം അവസാനിപ്പിക്കാനും ഖത്തറിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജി സി സി കൗണ്‍സില്‍ അന്താരാഷ്ട്ര സമൂഹത്തോടും യു എന്‍ രക്ഷാസമിതിയോടും ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഇസ്റയേലുമായി നിലവിലുള്ള കരാറുകള്‍ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ആക്രമണം തടയുന്നതില്‍ വേഗത്തില്‍ പ്രതികരിച്ച ഖത്തറിന്റെ സുരക്ഷാ-സിവില്‍ ഡിഫന്‍സ് അധികാരികളെയും കൗണ്‍സില്‍ പ്രശംസിച്ചു. ഈ ആക്രമണം, ഗസ്സയിലെ വെടിനിര്‍ത്തലിനും ബന്ദികളെ വിട്ടയക്കുന്നതിനും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും ഖത്വര്‍ നടത്തുന്ന മാധ്യസ്ഥ്യ ശ്രമങ്ങളെ അട്ടിമറിക്കുമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
