loginkerala breaking-news കയ്യിൽ പണമില്ലെങ്കിൽ ബാങ്ക് വായ്പയെടുത്താണെങ്കിലുംശമ്പളം നൽകും; ജീവനക്കാർക്ക് എം.എ യൂസഫലിയുടെ ഉറപ്പ്
breaking-news Business gulf

കയ്യിൽ പണമില്ലെങ്കിൽ ബാങ്ക് വായ്പയെടുത്താണെങ്കിലുംശമ്പളം നൽകും; ജീവനക്കാർക്ക് എം.എ യൂസഫലിയുടെ ഉറപ്പ്

ഫുജൈറ : ആഗോളതലത്തിലും പ്രാദേശികമായും സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലും ലുലു ഗ്രൂപ്പിലെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി. ഫുജൈറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ കൈവശം പണമില്ലാത്ത സാഹചര്യം വന്നാൽ പോലും ബാങ്ക് വായ്പയെടുത്താണെങ്കിലും ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധികളിൽ പതറാതെ നിൽക്കുക എന്നത് ഒരു ബിസിനസ് സ്ഥാപനത്തിന്റെ കടമയും ബാധ്യതയുമാണെന്ന് യൂസഫലി ഓർമിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ജീവനക്കാരുടെ ക്ഷേമവും. കോവിഡ് കാലത്ത് പല വൻകിട കമ്പനികളും ശമ്പളം വെട്ടിക്കുറച്ചപ്പോഴും ലുലു ഗ്രൂപ്പ് ഒരു രൂപ പോലും കുറയ്ക്കാതെ ജീവനക്കാരെ ചേർത്തുപിടിച്ചിരുന്നു. അന്ന് ബാങ്ക് ലോൺ എടുത്താണെങ്കിലും കൃത്യസമയത്ത് ശമ്പളം നൽകിയ ചരിത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൾഫിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരന്റെയും നാട്ടിലെ കുടുംബങ്ങൾ കാത്തിരിക്കുന്നത് ഇവിടെ നിന്ന് അയക്കുന്ന തുക പ്രതീക്ഷിച്ചാണ്. ആ പ്രതീക്ഷകൾക്ക് ഒരു കുറവും വരുത്താൻ ലുലു ഗ്രൂപ്പ് അനുവദിക്കില്ല. നാട്ടിലെ അവരുടെ കുടുംബങ്ങളുടെ പട്ടിണി മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ ഏത് സാഹചര്യം വന്നാലും ശമ്പള കാര്യത്തിൽ ഒരു മാറ്റവുമുണ്ടാകില്ല- യൂസഫലി പറഞ്ഞു.

Exit mobile version