ന്യൂഡൽഹി: 30 കോടി രൂപ നൽകിയിരുന്നുവെങ്കിൽ കൊച്ചിയിലെ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരായ ലൈംഗിക പീഡനക്കേസ് പരാതിക്കാരി ഫയൽ ചെയ്യില്ലായിരുന്നുവെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് പുറത്തിറക്കിയ സുപ്രീം കോടതി ഉത്തരവിലാണ് നിരീക്ഷണം. പരാതിക്കാർക്ക് എതിരെ കേസ് ഫയൽ ചെയ്തതിനാലാണ് വേണു ഗോപാലകൃഷ്ണന് എതിരെ പീഡനക്കേസ് ഫയൽ ചെയ്തതെന്നും ജസ്റ്റിസ്മാരായ ബി.വി. നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. പണം നൽകി ഒത്തു തീർപ്പ് ഉണ്ടായിരുന്നുവെങ്കിൽ ലൈംഗിക പീഡന പരാതി ഉണ്ടാകില്ലായിരുന്നു എന്നാണ് വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്.
വേണു ഗോപാലകൃഷ്ണന് എതിരെ പരാതി നൽകിയ യുവതി അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച അഭ്യൂഹം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിച്ചതിനെ തുടർന്ന് വേണു ഗോപാലകൃഷ്ണനും പരാതിക്കാരിയും അവരുടെ ഭർത്താവും കൊച്ചിയിലെ ആഡംബര ഹോട്ടലിൽവെച്ച് ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ഒത്തുതീർപ്പിനായി 30 കോടി രൂപ വ്യവസായിയോട് പരാതിക്കാരിയും, ഭർത്താവും ആവശ്യപെട്ടിരുന്നുവെന്നാണ് സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
30 കോടിയിൽ 10 കോടി രൂപ ബാങ്കിലൂടെയും ബാക്കി 20 കോടി നൽകുന്നതിനായി രണ്ട് ചെക്കുകളും നൽകാം എന്നായിരുന്നു ധാരണ. ഈ ധാരണയുടെ അടിസ്ഥാനത്തിൽ അമ്പതിനായിരം രൂപ പരാതിക്കാരിയുടെയും ഭർത്താവിന്റെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനുപിന്നാലെ 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവതിക്കും ഭർത്താവിനും എതിരെ വേണു ഗോപാലകൃഷ്ണൻ കേസ് നൽകിയെന്നാണ് സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.

Leave feedback about this