loginkerala breaking-news ഗ്യഹനാഥന് ഉദ്യോഗസ്ഥരുടെ മർദ്ദനം: നടപടി വേണമെന്ന് ജല അതോറിറ്റി;പോലീസ് അസി. കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
breaking-news Kerala

ഗ്യഹനാഥന് ഉദ്യോഗസ്ഥരുടെ മർദ്ദനം: നടപടി വേണമെന്ന് ജല അതോറിറ്റി;പോലീസ് അസി. കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കണക്ഷൻ വിഛേദിച്ചത് തിരക്കാൻ ജല അതോറിറ്റി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മേൽ നടപടികൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനോട് അഭ്യർത്ഥിച്ച സാഹചര്യത്തിൽ അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പോലീസുദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

സംഭവത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി സത്യം കണ്ടെത്താൻ പരാതി പോലീസ് വിജിലൻസിന് കൈമാറണമെന്നും പോങ്ങുംമൂട് സെക്ഷന്റെ പ്രവർത്തനം നിരീക്ഷിക്കുമെന്നും ജല അതോറിറ്റി ചീഫ് എഞ്ചിനീയർക്ക് വേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി.സെക്ഷനിലെ ചില ഉദ്യോഗസ്ഥർ ഓഫീസ് മേധാവിക്ക് സമ്മർദ്ദമേൽപ്പിക്കുകയാണെന്നും ഇവരെ സ്ഥലംമാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉദ്യോഗസ്ഥരുടെ മർദ്ദനത്തിൽ ഒരാൾക്ക് പരിക്കേറ്റ സംഭവം അന്വേഷിക്കേണ്ടത് പോലീസാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സംഭവത്തിലെ ഇരയുടെയും ആരോപണ വിധേയരായ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും മൊഴിയെടുക്കണം. സി.സി. റ്റി വി. ദ്യശ്യങ്ങൾ പരിശോധിക്കണം.എ.സി.പി. നടത്തുന്ന അന്വേഷണത്തിൽ കുറ്റകൃത്യം നടന്നതായി കണ്ടെത്തുകയാണെങ്കിൽ അക്കാര്യം കമ്മീഷനെ അറിയിക്കണം. ആരൊക്കെയാണ് ഉത്തരവാദികളെന്നും അവരുടെ പേരും ഔദ്യോഗിക മേൽവിലാസവും കണ്ടെത്തണം. എ. സി.പി. തന്റെ അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിക്കണം.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത് ജില്ലാപോലീസ് മേധാവി പരിശോധിച്ച് കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും എ, സി.പിയുടെ റിപ്പോർട്ടും മാർച്ച് 3 നകം ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിക്കണം. മാർച്ച് 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ പോലീസ് മേധാവിയോ മുതിർന്ന ഉദ്യോഗസ്ഥനോ ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ വർഷം നവംബർ 28 ന് ജല അതോറിറ്റി പോങ്ങുംമൂട് സെക്ഷൻ ക്യാഷ് കൗണ്ടറിന്റെ പരിസരത്താണ് സംഭവമുണ്ടായത്.

Exit mobile version