ന്യൂഡൽഹി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡനം ആരോപിച്ച് ദളിത് ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.ഡി.ജി.പി വൈ. പുരൺ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിരോധത്തിലായ ഹരിയാന സർക്കാൻ സംസ്ഥാന പൊലീസ് മേധാവിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധം കനത്തതോടെയാണ് ഡി.ജി.പി ശത്രുജിത് കപൂറിനെതിരെ സർക്കാർ നടപടി. റോഹ്തക് എസ്.പി നരേന്ദ്ര ബിജാർനിയയെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു.പ്രതിഷേധം കത്തിനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹരിയാന സന്ദർശനം റദ്ദാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ഹരിയാന സർക്കാറിന്റെ മൂന്നാം വാർഷിക ദിനമായ ഒക്ടോബര് 17ന് സോനിപത്തിൽ നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. പരിപാടി റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും മരണത്തെ തുടർന്നുള്ള പ്രതിഷേധമാണ് കാരണമെന്ന റിപ്പോർട്ടുകളുണ്ട്.
അതിനിടെ, ആത്മഹത്യ ചെയ്ത ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥൻ പുരൺ കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റോഹ്തക് സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്ദീപ് കുമാർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പുരൺ കുമാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘത്തിലെ അംഗമാണ് സന്ദീപ് കുമാർ. പുരൺ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും അഴിമതിക്കേസുകൾ പുറത്തുവരുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നും ആത്മഹത്യക്ക് മുമ്പ് പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ സന്ദീപ് ആരോപിച്ചു.