കൊച്ചി: ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വഴിപാടുകളില്‍ മുൻപന്തിയിൽ ഗുരുവായൂരെന്ന് കണക്കുകൾ സ്വർണവില കുതിച്ചുയരുമ്പോഴും ക്ഷേത്രത്തിൽ കാണിക്ക സമർപ്പിക്കുന്ന സ്വർണത്തിൽ മാറ്റമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ വിലയേറിയ ലോഹങ്ങള്‍ വഴിപാട് പെട്ടിയില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്. എല്ലാ വര്‍ഷവും ഏകദേശം 20 മുതല്‍ 25 കിലോഗ്രാം വരെ സ്വര്‍ണവും 120 മുതല്‍ 150 കിലോഗ്രാം വരെ വെള്ളിയുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്നത്. 2025 ഒക്ടോബറില്‍ മാത്രം 2.58 കിലോഗ്രാം സ്വര്‍ണവും 9.31 കിലോഗ്രാം വെള്ളിയുമാണ് ലഭിച്ചത്.
തീര്‍ത്ഥാടനകാലത്ത് മൂന്ന് മാസത്തേക്ക് മാത്രം തുറക്കുന്ന ശബരിമല ക്ഷേത്രത്തില്‍ ചെറിയ കാലയളവില്‍ ഏകദേശം 15 കിലോഗ്രാം സ്വര്‍ണ്ണമാണ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 3,000ലധികം ക്ഷേത്രങ്ങളില്‍ ആഭരണങ്ങളും നാണയങ്ങളും മുതല്‍ വിഗ്രഹങ്ങളും ആചാരപരമായ വസ്തുക്കളും വരെ വിവിധ രൂപങ്ങളിലുള്ള വിലയേറിയ ലോഹങ്ങള്‍ വഴിപാടായി ലഭിക്കുന്നുണ്ട്.
ഇന്ത്യയുടെ സ്വര്‍ണ്ണ ആവശ്യകതയില്‍ (600-800 ടണ്‍ വാര്‍ഷിക ഉപഭോഗത്തിന്റെ 25-28%) കേരളം ഗണ്യമായി സംഭാവന ചെയ്യുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍, മത സ്ഥാപനങ്ങള്‍ എന്നിവയില്‍ ഗണ്യമായ അളവില്‍ സ്വര്‍ണ സംഭാവനകള്‍ ലഭിക്കുന്നു. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ 2,000-4,000 ടണ്‍ സ്വര്‍ണശേഖരം ഉണ്ടായിരിക്കാമെന്നും 1968 ന് മുമ്പ് ഇത് 1,000 ടണ്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 1,000-3,000 ടണ്‍ സ്വകാര്യ വ്യക്തികള്‍ സംഭാവന ചെയ്തതാകാമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിന് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ആഭരണങ്ങളുടെയും മറ്റ് വസ്തുക്കളുടെയും രൂപത്തിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിവിധ വിഭാഗത്തില്‍ പെടുന്നു. ഞങ്ങള്‍ ഇത് എസ്ബിഐ മുംബൈ ബ്രാഞ്ചില്‍ നിക്ഷേപിക്കുന്നു. അവിടെ അത് സ്വര്‍ണ്ണക്കട്ടികളാക്കി മാറ്റുന്നു. കൂടാതെ നിക്ഷേപിച്ച സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് ഏകദേശം 2-2.5 ശതമാനം പലിശ ഞങ്ങള്‍ക്ക് ലഭിക്കുന്നു’- അദ്ദേഹം വിശദീകരിച്ചു.

Leave feedback about this