മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരിയിൽ ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിൽ വീണ ആനയെ പുറത്തെത്തിയ്ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് വനം വകുപ്പ്. എന്നാൽ കൃഷിയിടങ്ങളിൽ പതിവായി നാശം വിതയ്ക്കുന്ന ആനയെ ഉൾക്കാട്ടിലേക്ക് അയക്കുമെന്ന് ഉറപ്പ് നൽകിയാലേ രക്ഷാപ്രവർത്തനം അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ.
ഇന്ന് പുലർച്ചെയാണ് അരീക്കോട് കൂരങ്കൽ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിൽ കൊമ്പനാന വീണത്. ആൾ മറയില്ലാത്ത കിണറിൻ്റെ ഒരു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങു കീറി ആനയെ പുറത്തെത്തിയ്ക്കാനാണ് വനം വകുപ്പിൻ്റെ നീക്കം. 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന നിൽക്കുന്നത്. പുറത്തെത്തിക്കുമ്പോൾ പ്രകോപിതനാകാനുള്ള സാധ്യത പരിഗണിച്ച് ആനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികളിലേക്ക് കടന്നതായി വനം വകുപ്പ് അറിയിച്ചു.
ആന കിണറ്റിൽ വീണതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി . ആനയെ ജനവാസ കേന്ദ്രങ്ങളോട് ചേർന്ന വനമേഖലയിൽ തുറന്നു വിടില്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ രക്ഷാ പ്രവർത്തനത്തിന് അനുവദിക്കുവെന്ന് നാട്ടുകാർ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ഏഴ് കാട്ടാനകൾ ജനവാസ മേഖലയിലെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ ത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവർ പരിശോധന നടത്തുന്നതിനിടെയാണ് ആനകളിലൊന്ന് കിണറ്റിൽ വീണത്.
Leave feedback about this