loginkerala breaking-news ചെങ്കോട്ടയിലെ സ്ഫോടനം; നിർണ്ണായക കണ്ടെത്തൽ, അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം കണ്ടെത്തി
breaking-news

ചെങ്കോട്ടയിലെ സ്ഫോടനം; നിർണ്ണായക കണ്ടെത്തൽ, അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിൽ നിർണ്ണായക കണ്ടെത്തൽ. സ്ഥലത്ത് അമോണിയം നൈട്രേറ്റ് കണ്ടെത്തി. സൈനിക നിലവാരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാസ പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഫോറൻസിക് പരിശോധനയ്ക്കുശേഷം മാത്രമേ വ്യക്തമാകൂ.

സ്ഫോടനം നടത്തിയ കശ്മീരിലെ പുൽവാമ സ്വദേശി ഡോ. ഉമർ സംഭവം നടന്നതിന് ശേഷം പതിനൊന്ന് മണിക്കൂർ ഡൽഹിയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. കൊണാട്ട് പ്ലേസിലേക്കും ഇയാൾ പോയതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഫരീദാബാദിൽ നടന്ന അറസ്റ്റുകളുടെ വിവരം അറിഞ്ഞതോടെ ഉമർ പരിഭ്രാന്തനാവുകയായിരുന്നു. ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണം നടത്താനുള്ള ശ്രമം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ.

സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുന്നുവെങ്കിലും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഉമർ മുഹമ്മദ് നടത്തിയതത് ചാവേർ ആക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം ചാവേർ രീതിയിൽ നടപ്പാക്കിയതല്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. റെയ്ഡിനിടെ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതോടെ പ്രതി പരിഭ്രാന്തനായി. നിർമ്മാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിച്ചതായാണ് സൂചന. കാർ ലക്ഷ്യസ്ഥാനത്ത് ഇടിച്ചു കയറുകയോ മനഃപൂർവ്വം കൂട്ടിയിടിക്കുകയോ ചെയ്തതല്ലെന്നതിനാൽ ചാവേർ ആക്രമണ രീതിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു

Exit mobile version