ധാക്ക: ‘ഡോണൾഡ് ട്രംപ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പോത്തിനെ പെരുന്നാളിന് ബലി നൽകിയില്ല. ലോകശ്രദ്ധയാർജ്ജിച്ച പോത്തിനെ ബംഗ്ലാദേശ് ദേശീയ മൃഗശാല അധികൃതർ വാങ്ങിയതോടെയാണ് തീരുമാനം മാറിയത്. പോത്തിന്റെ തലയിലെ രോമം ട്രംപിന്റേതു പോലെ ചീകി വച്ചതുകൊണ്ടാണ് വെള്ളപ്പോത്തിന് ‘ഡോണൾഡ് ട്രംപ്’ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേര് ഉണ്ടായത്. മുൻ ഉടമസ്ഥൻ ബലി നൽകാനായി വിറ്റ പോത്തിനെ ഇനി മൃഗശാലയിൽ പ്രദർശിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
വെള്ളപ്പോത്തിനെ സുരക്ഷിതമായി കാണാനുള്ള അവസരം ഒരുക്കി മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ഈ പോത്തിനെ ഉയർത്തിക്കാട്ടാനാണ് മൃഗശാല അധികൃതരുടെ നീക്കം. പൊതുജനതാത്പര്യം കണക്കിലെടുത്താണ് പോത്തിനെ ബലി നൽകാനുള്ള തീരുമാനം മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി.
