ചെന്നൈ: മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തി ഡി.എം.കെ. നേതാവും മന്ത്രിയുമായ പി.കെ. ശേഖര്‍ബാബു. കമല്‍ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ. അരുണാചലവും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കമല്‍ ഹാസനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവെന്ന് വിവരമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ. സഖ്യത്തിലെത്തിയ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജൂലായില്‍ തമിഴ്‌നാട്ടില്‍ ഒഴിവുവരുന്ന സീറ്റിലേക്ക് കമല്‍ ഹാസനെ നാമനിര്‍ദേശം ചെയ്യാനാണ് സാധ്യത.
തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് ഇന്ത്യസഖ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തമിഴ്‌നാട്ടിലെ 39 സീറ്റില്‍ 21 ഇടത്ത് ഡി.എം.കെ. മത്സരിച്ചു. സി.പി.എമ്മും സി.പി.ഐയും വി.സി.കെയും രണ്ടുസീറ്റില്‍ വീതം മത്സരിച്ചു. എം.ഡി.എം.കെ, മുസ്ലിം ലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി എന്നിവര്‍ ഓരോ സീറ്റിലും മത്സരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് നല്‍കുന്ന പിന്തുണയ്ക്ക് പകരമായി കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ, സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍ ഹാസന്‍, സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പിന്നോട്ടുപോയി.