breaking-news

തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചു; ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ രേഖ പുറത്ത്

ആലപ്പുഴ:മന്ത്രി സജി ചെറിയനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും അച്ചടക്ക നടപടിയുടെ പാർട്ടി രേഖയിൽ പറയുന്നു.

ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും ദീർഘകാലസേവനം പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജി സുധാകരനെതിരെ വലിയ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് പാർട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുന്നു. കെജെ തോമസിനെയും എളമരം കരീമിനെയും ആണ് അന്വേഷണ കമ്മീഷൻ അംഗങ്ങളായി നിയമിച്ചിരുന്നത്.

പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾ മുതൽ ഏരിയ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവരുടെ മൊഴി എടുത്തിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ ജി സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പാർട്ടി രേഖയാണ് ഇപ്പോൾ പുറത്തുവന്നത്. അന്ന് പാർട്ടി പരസ്യ ശാസന നൽകിയെന്ന വാർത്ത മാത്രമായിരുന്നു പുറത്തുവന്നത്. അമ്പലപ്പുഴ മണ്ഡലത്തിന് മതിയായ തുക നൽകിയില്ലെന്ന് പാർട്ടി രേഖ ചൂണ്ടിക്കാണിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്‌ പലിശയ്ക്ക് പണം കടമെടുക്കേണ്ടി വന്നു. ജി.സുധാകരനു മനപ്പൂർവമായ വീഴ്ചയുണ്ടായെന്നാണ് രേഖയിൽ വ്യക്തമാക്കുന്നത്. സ്ഥാനാർഥി എച്ച്.സലാം എസ്ഡിപിഐ കാരനാണെന്ന പ്രചാരണത്തിൽ ജി സുധാകരൻ മൗനം പാലിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ഡലത്തിലെ ചുമതലക്കാരനെന്ന നിലയിൽ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകൾ ജി സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പാർട്ടി ഭരണഘടന അനുശാസിക്കുന്ന ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നത്. അന്വേഷണം റിപ്പോർട്ട് സംസ്ഥാന സമിതി അവതരിപ്പിച്ചപ്പോൾ ജി സുധാകരൻ പറയാനുള്ളതും കേട്ടിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video