കൊച്ചി: സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ തുടരുന്ന ഷാഫിയെ ആശുപത്രിയിലെത്തി നടൻ മമ്മൂട്ടി സന്ദർശിച്ചു. നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്. മമ്മൂട്ടി ലാൽ രാജൻ പി ദേവ് കൂട്ടുകെട്ടിലെത്തിയ തൊമ്മനും മക്കളും അടക്കം 17 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
മെഡിക്കല്‍ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. മലയാളത്തില്‍ നിരവധി ബോക്‌സോഫീസ് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാഫി. റാഫി മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്. 1990-കളുടെ മധ്യത്തില്‍ രാജസേനന്‍, റാഫി മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് കൊണ്ടാണ് ഷാഫി സിനിമാ ജീവിതം ആരംഭിച്ചത്. 2001-ല്‍ വണ്‍ മാന്‍ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫിയുടെ സംവിധാന രംഗത്തേക്ക് എത്തുന്നത്.
കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്കലേറ്റ്, ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട്, മേക്കപ്പമാന്‍ എന്നീ ബോക്‌സോഫീസ് ഹിറ്റുകള്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയതാണ്. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍ ഒരു തമിഴ് സിനിമയടക്കം 18 സിനിമകള്‍ സംവിധാനം ചെയ്തു. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന സിനിമ.