തിരുവനന്തപുരം: സിനിമ കോൺക്ലേവിന്റെ സമാപന ചടങ്ങിൽ നടത്തിയ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ ആണ് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശം എസ്.സി – എസ്.ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ എസ്.സി – എസ്.ടി കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
പ്രസ്താവനയിലൂടെ എസ്.സി എസ്.ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നു. പ്രസ്താവന എസ്.സി എസ്.ടി ആക്ടിന്റെ സെക്ഷൻ 3(1)ന്റെ പരിധിയിൽ പെടുന്നതാണ്. എസ്‌സി എസ്ടി വിഭാഗത്തെ അഴിമതിയുമായി ബന്ധിപ്പിക്കുന്നതും അപമാനിക്കുന്നതാണ് അടൂരിന്റെ പ്രസ്താവനയെന്നും പരാതിയിലുണ്ട്.