entertainment

ജീവജാലങ്ങളുടെ നിലനിൽപ്പിന് ശുചിത്വബോധം അനിവാര്യം; കേന്ദ്രമന്ത്രി സുരേഷ് ഗോപി

പാലാ: വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഈശ്വര ആരാധനപോലെ പ്രധാനമാണെന്നും മനുഷ്യരുൾപ്പെടെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പിനു ശുചിത്വബോധം അനിവാര്യമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ‘സ്വച്ഛതാ പഖ്‌വാഡ’ ക്യാംപെയിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ചാവറ സിഎംഐ പബ്ലിക് സ്കൂളും ചേർന്ന് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുറ്റുപാടുകൾ വൃത്തിയാക്കുമ്പോൾ പ്രകൃതി സംരക്ഷണത്തിനോടൊപ്പം സഹ ജീവികൾക്ക് വസിക്കാൻ കഴിയുന്ന പരിസ്ഥിതിയെയും കൂടിയാണ് ഒരുക്കിയെടുക്കുന്നത്.

ശുചിത്വ കർമങ്ങളിൽ ഏർപ്പെടേണ്ടത് ഓരോ വ്യക്തിയുടെയും ധർമമാണ്. രാജ്യത്തെ പൗരന്മാർക്കിടയിൽ ശുചിത്വബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ‘സ്വച്ഛതാ പഖ്‌വാഡ’. ഏവർക്കും മാതൃകയാകുന്ന തരത്തിൽ ബിപിസിഎൽ പരിപാടി ഏറ്റെടുത്തുവെന്നും സുരേഷ് ഗോപി പറഞ്ഞു. കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സ്കൂളിൽ വൃക്ഷതൈ നടുകയും ചെയ്തു. അതോടൊപ്പം വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

രാജ്യത്തെ മാലിന്യ നിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രചാരണമാണ് സ്വച്ഛതാ പഖ്‌വാഡ. ക്യാംപെയിന്റെ ഭാഗമായി രാജ്യത്തുടനീളം ശുചിത്വ പരിപാടികളും ബോധവൽക്കരണവും നടത്തും. ചടങ്ങിൽ ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ ശങ്കർ എം അധ്യക്ഷത വഹിച്ചു.

2014ൽ ആരംഭിച്ച ‘സ്വച്ഛതാ പഖ്‌വാഡ’ പദ്ധതിയുടെ ചുവടുപിടിച്ച് രാജ്യത്ത് ഇതിനോടകം വലിയമാറ്റങ്ങളാണ് മാലിന്യ നിർമാർജനരംഗത്ത് ഉണ്ടായിട്ടുള്ളത്. മുനിസിപ്പൽ വേസ്റ്റ് മാനേജ്‌മന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. ശുചിത്വ മേഖലയിലുള്ള നമ്മുടെ ഓരോ ചുവടുവെയ്പ്പും വലിയ സ്വാധീനമാണ് ഉണ്ടാക്കുക. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റുമായി സഹകരിക്കാൻ ബിപിസിഎല്ലിനു സാധിച്ചതായും ശങ്കർ എം പറഞ്ഞു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, ബിപിസിഎൽ എച്ച്ആർ വിഭാഗം ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, റീട്ടെയിൽ വിഭാഗം കേരള ഹെഡ് ഹരികിഷൻ വി ആർ, ബ്രില്ല്യന്റ് പാലാ ഡയറക്ടർ ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video