loginkerala entertainment ബ്രാഡ് പിറ്റ് ചിത്രത്തിലെ ‘നടുവിരല്‍’ , ഓപ്പണ്‍ഹൈമറില്‍ നഗ്‌നത മറച്ചു: സമീപകാല സിനിമകളിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍
entertainment

ബ്രാഡ് പിറ്റ് ചിത്രത്തിലെ ‘നടുവിരല്‍’ , ഓപ്പണ്‍ഹൈമറില്‍ നഗ്‌നത മറച്ചു: സമീപകാല സിനിമകളിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍

സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമ ചിത്രം ‘എഫ്1’ ജൂണ്‍ 27ന് ആണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. ബ്രാഡ് പിറ്റ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) സെന്‍സര്‍ ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ജോസഫ് കോസിന്‍സ്‌കിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ എഫ്1. ഇപ്പോള്‍ ചിത്രത്തിലെ ഒരു രംഗമാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. ഒരു സീനില്‍ ‘നടുവിരല്‍’ ആംഗ്യം കാണിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ അതു മുഷ്ടി മുദ്രയാക്കിയെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.

ബ്രാഡ് പിറ്റ് ചിത്രത്തിലെ രസകരമായ എഡിറ്റിങ് നെറ്റിസണ്‍സ് വലിയ ചര്‍ച്ചയാക്കി മാറ്റി. വാദപ്രതിവാദങ്ങളില്‍ സൈബര്‍ലോകത്തിനു ചൂടുപിടിച്ചു. മലയാള സിനിമയിലെ ജാനകിവിവാദം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന സമയത്ത് സെന്‍സര്‍ ബോര്‍ഡ് നടത്തിയ അത്തരം ചില മാറ്റങ്ങള്‍, വെട്ടിച്ചുരുക്കലുകള്‍ ചര്‍ച്ചയാകുകയാണ്.

ഓപ്പണ്‍ഹൈമര്‍ (2023)


ക്രിസ്റ്റഫര്‍ നോളന് മികച്ച സംവിധായകന്‍, സിലിയന്‍ മര്‍ഫിക്ക് മികച്ച നടന്‍ ഉള്‍പ്പെടെയുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ചരിത്ര ഇതിഹാസമായ ഓപ്പണ്‍ഹൈമര്‍. ഫ്‌ളോറന്‍സ് പഗിനെ ഒരു രംഗത്തില്‍ കറുത്ത സിജിഐ വസ്ത്രം ധരിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ബന്ധം പിടിച്ചതായി ചലച്ചിത്രാസ്വാദകര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചിത്രത്തില്‍ മര്‍ഫിയുടെ ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറുമായി പ്രണയത്തിലായ സൈക്യാട്രിസ്റ്റ് ജീന്‍ ടാറ്റ്ലോക്കിന്റെ വേഷത്തിലാണ് ഫ്‌ളോറന്‍സ് പഗ് അഭിനയിച്ചത്. ഈ രംഗത്ത്, ജീന്‍ ടാറ്റ്ലോക്കും ഓപ്പണ്‍ഹൈമറും ആഴത്തിലുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ക്രിസ്റ്റഫര്‍ നോളന്‍ വിഭാവനം ചെയ്തതുപോലെ അവള്‍ ആദ്യം ടോപ്ലെസ് ആയിരുന്നു. പിന്നീടു ഇന്ത്യന്‍ റിലീസിനുവേണ്ടി മാറ്റംവരുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

പദ്മാവത് (2018)

വരുണ്‍ ഗ്രോവറിന്റെ ഏറ്റവും ജനപ്രിയമായ സ്റ്റാന്‍ഡ്-അപ്പ് കോമഡി ചിത്രങ്ങളിലൊന്നായ പദ്മാവതിനെക്കുറിച്ചും 2018 ല്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തെക്കുറിച്ചും പറയുന്ന ഒരു തമാശ , ചിത്രത്തിന്റെ പേര് പദ്മാവതിയില്‍നിന്ന് പദ്മാവത് എന്നാക്കി മാറ്റിയിട്ടുണ്ടോ എന്നുപോലും അറിയാന്‍ കഴിയാത്തവിധം ആളുകള്‍ വഞ്ചിതരായി എന്നാണത്രെ! ദീപിക പദുകോണ്‍, ഷാഹിദ് കപുര്‍, രണ്‍വീര്‍ സിംഗ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 150 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ഈ പീരിയഡ് ഡ്രാമ, പതിനാറാം നൂറ്റാണ്ടിലെ മാലിക് മുഹമ്മദ് ജയസി എഴുതിയ പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പൊതുജനങ്ങളുടെ, പ്രത്യേകിച്ച് ചില തീവ്ര രജപുത്രവിഭാഗങ്ങളുടെ വികാരം വ്രണപ്പെടാതിരിക്കാന്‍ പത്മാവതിയെ പത്മാവത് എന്നാക്കി മാറ്റണമെന്ന് സിബിഎഫ്സി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിഹാസചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് അഞ്ച് മാറ്റങ്ങള്‍ മാത്രമേ നിര്‍ദ്ദേശിച്ചിട്ടുള്ളൂവെന്നും അതില്‍ ടൈറ്റില്‍ മാറ്റം ഉള്‍പ്പെടുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നു. അതേസമയം രംഗങ്ങള്‍ വെട്ടിക്കളഞ്ഞിട്ടില്ലത്ര!

ചിത്രത്തിലെ റാണി പദ്മാവതിയും (ദീപിക പദുകോണ്‍) അലാവുദ്ദീന്‍ ഖില്‍ജിയും (രണ്‍വീര്‍ സിങ്്) തമ്മിലുള്ള സ്വപ്നതുല്യമായ പ്രണയരംഗത്തിനെതിരെ രജപുത്ര സംഘടനകള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ആ സമയത്ത് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും പ്രണയത്തിലായിരുന്നു എന്നതിനാല്‍, ഈ ഊഹാപോഹങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതായി. എന്നാല്‍ സ്വപ്നരംഗം പദ്മാവതിന്റെ ഭാഗമായിരുന്നുവെന്ന് വിശ്വസിക്കുന്ന പലരും ഇപ്പോഴുമുണ്ട്. രണ്‍വീര്‍ സിങ് ബാത്ത് ടബ്ബില്‍ വിശ്രമിക്കുന്നതായി കാണിക്കുന്ന ബിന്തേ ദില്‍ എന്ന ഗാനത്തിന് തൊട്ടുമുമ്പ് ഈ സ്വപ്നം പ്രത്യക്ഷപ്പെടുമായിരുന്നു.

സ്‌പെക്ടര്‍ (2015)

ജെയിംസ് ബോണ്ടിന് കൊല്ലാനുള്ള ലൈസന്‍സ് ഉണ്ടായിരിക്കാം, പക്ഷേ അയാള്‍ ആഗ്രഹിക്കുന്നത്രയും നേരം ചുംബിക്കാനുള്ള ലൈസന്‍സ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഡാനിയേല്‍ ക്രെയ്ഗിന്റെ ജെയിംസ് ബോണ്ട് മോണിക്ക ബെല്ലൂച്ചിയുടെ ലൂസിയ സിയാരയെ സ്‌പെക്ടറില്‍ ചുംബിച്ചപ്പോള്‍, ചുംബനരംഗത്തിന്റെ ദൈര്‍ഘ്യം സെന്‍സര്‍ ബോര്‍ഡ് പകുതിയായി കുറച്ചു. തന്റെ സിനിമകളിലെ ചുംബനരംഗങ്ങളിലൂടെ ‘സീരിയല്‍ ചുംബനക്കാരന്‍’ എന്ന കുപ്രസിദ്ധി നേടിയ ഇമ്രാന്‍ ഹാഷ്മിയും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സംസാരിച്ചു.

സെന്‍സര്‍ ബോര്‍ഡ് ചുംബനത്തിന്റെ ദൈര്‍ഘ്യം കുറച്ചു. അവര്‍ക്ക് അവരുടേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ചുംബനരംഗം എതിര്‍ക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെ മറികടക്കുന്നതില്‍ യുക്തിയില്ല. ഇരുണ്ട യുഗത്തിലേക്ക് തിരിച്ചുപോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്…- ഇമ്രാന്‍ ഹാഷ്മി അന്നു പറഞ്ഞിരുന്നു.

ബാര്‍ ബാര്‍ ദേഖോ (2016)

കത്രീന കൈഫും സിദ്ധാര്‍ഥ് മല്‍ഹോത്രയും അഭിനയിച്ച ചിത്രത്തില്‍, ബ്രാ ധരിച്ചെത്തുന്ന ഒരു രംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. നേരത്തെ, 2014ല്‍ ദം ലഗാ കെ ഹൈഷ, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലും ബ്രാ മങ്ങിച്ചിരുന്നു.

ബേബിഗേള്‍ (2023)

നിക്കോള്‍ കിഡ്മാനും ഹാരിസ് ഡിക്കിന്‍സണും അഭിനയിച്ച സിനിമ, ലൈംഗിക ഉള്ളടക്കത്തിന് കനത്ത സെന്‍സര്‍ഷിപ്പ് നേരിടുകയും ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. നഗ്‌നത നീക്കം ചെയ്യുകയും ലൈംഗികതയുള്ള രംഗങ്ങള്‍ വെട്ടുകയും ചെയ്തിരുന്നു.

Exit mobile version