കോഴിക്കോട്∙ സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേതാണെന്ന് സ്ഥിരീകരണം. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് അസ്ഥികള്‍ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചത്. 2019 മാര്‍ച്ചിലാണ് വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പൊലീസ് തിരോധാന കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് അന്വേഷണം നിലച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് അന്വേഷണം ആരംഭിച്ചതോടെയാണ് വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തിയത്. അമിതമായ ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചെന്നും പിന്നാലെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്നുമാണ് സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവര്‍ നൽകിയ മൊഴി. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറില്‍ സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ അസ്ഥികള്‍ കണ്ടെടുക്കുകയും ചെയ്തു. തലയോട്ടിയുടെ മുകൾ ഭാഗവും ഇടതു കൈയുടെ മുകൾ ഭാഗവും വിരലുകളും ഒഴികെ ബാക്കി ശരീരത്തിലെ മുഴുവൻ അസ്ഥികളുമാണു സരോവരം തണ്ണീർത്തടത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഏഴാം ദിവസം നടത്തിയ തിരച്ചിലിൽ 7 മീറ്റർ താഴ്ചയിൽ നിന്നാണ് 58 അസ്ഥികൾ കണ്ടെടുത്തത്.

Leave feedback about this