ദിസ്പുർ: ആസാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭുപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയയിൽ നിന്നാണ് അംഗത്വമെടുത്തത്. ബൈജയന്ത് പാണ്ഡ എംപിയുടെ സാന്നിധ്യത്തിലാണ് ബോറ ബിജെപിയിൽ ചേർന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശരമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. മുൻ എംഎൽഎ കൂടിയായ ബോറ ഈ മാസം 16നാണ് കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്തിലൂടെയാണ് രാജിക്കാര്യം ബോറ അറിയിച്ചത്.
ബോറയെ പാർട്ടി അവഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു.
2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ഗൗരവ് ഗോഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
