കൊച്ചി: എയിംസ് കേരളത്തിൽ വരിക തന്നെ ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാൽ അതിൻ്റെ പേരിൽ താൻ ഒരിക്കലും ജനങ്ങളോട് വോട്ട് തേടില്ലെന്നും അടുത്ത തവണ എന്നെ ജയിപ്പിക്കാൻ തൃശൂരുകാർക്ക് മറ്റ് പല കാരണങ്ങളും ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എയിംസ് ചർച്ച തുടങ്ങിവെച്ചത് ഞാനാണെങ്കിൽ അത് വരുമ്പോൾ അതിന്റെ മഹത്വം എനിക്ക് മാത്രമാണ് എന്ന് മാധ്യമങ്ങൾ പ്രഖ്യാപിക്കണം. എയിംസ് വരിക തന്നെ ചെയ്യും,വരാതെ എവിടെ പോകാൻ. അടുത്ത തവണ എന്നെ ജയിപ്പിക്കാൻ മറ്റ് അനേകം കാരണങ്ങൾ കാണും. എയിംസും മെട്രോയും അല്ല. എയിംസിന്റെ പേരിൽ വോട്ട് ചോദിക്കാൻ ഞാൻ വരില്ല’,സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ പൂരം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനെ കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ഉദ്യോഗസ്ഥർ അപക്വമായി പെരുമാറിയെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് സമ്മതിച്ച കാര്യങ്ങൾ റിപ്പോർട്ടിൽ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ‘ കഴിഞ്ഞ വർഷം പൂരം മര്യാദയ്ക്ക് നടത്തണം എന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചു. ആദ്യത്തെ അവലോകനയോഗം ഓൺലൈനായാണ് ഉണ്ടായത്. അതിന് ഒരു സീക്രറ്റ് മോഡ് ഒന്നുമില്ല എന്നാണ് എന്റെ വിശ്വാസം. അത് രഹസ്യയോഗമാക്കാൻ ഒക്കത്തില്ല. പക്ഷേ ആ യോഗം ഒരു ക്ലോസ്ഡ് യോഗം ആയിരുന്നു. അത് ലിങ്ക് അയച്ചു തന്നവർക്ക് മാത്രം പങ്കെടുക്കാൻ പറ്റുമെന്നും അദ്ദേഹം പ്രതികരിച്ചു.
