കൊച്ചി: ശബരിമല ട്രാക്‌ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ നീക്കം. കുറ്റം ട്രാക്‌ടർ ഡ്രൈവറുടെ മേൽ ചുമത്തി, ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഇതിൻ്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു. പമ്പ പോലീസാണ് കേസെടുത്തത്. എംആർ അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറിൽ പരാമർശമില്ല.
അലക്ഷ്യമായി ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിച്ചെന്നും ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റിയെന്നുമാണ് കേസിൽ പറയുന്നത്. പൊലീസിൻ്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത് കുമാർ യാത്ര ചെയ്തത്. സംസ്ഥാന പൊലീസ് മേധാവിയാണ് ട്രാക്ടർ ഉടമ. പൊലീസ് സേനാംഗമാണ് ട്രാക്ടറിൻ്റെ ഡ്രൈവർ. ഇദ്ദേഹത്തിനെതിരെ മോട്ടോർ വാഹന നിയമങ്ങൾ പ്രകാരവും കുറ്റം ചുമത്തി. സംസ്ഥാനത്തെ ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടർ ഡ്രൈവറായ സാധാരണ പൊലീസുകാരൻ നിർബന്ധിച്ച് വാഹനത്തിൽ കയറ്റി സന്നിധാനത്തേക്ക് കൊണ്ടുപോയതാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
എഡിജിപിയുടെ ട്രാക്ടർ യാത്ര ദൗർഭാഗ്യകരമെന്നും ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൽ നിന്നും അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോയെന്നും ദേവസ്വം ബെഞ്ച് ചോദിച്ചു. ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ. ഈ കർശന നിർദ്ദേശം മറികടന്നാണ് പൊലീസിൻറെ ട്രാക്ടറിൽ അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ദർശനത്തിന് പോയത്. സന്നിധാനത്തേക്ക് ദർശനത്തിന് പോയത്.
ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതനാണ് എഡിജിപി അജിത് കുമാർ. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആർ അജികുമാർ പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസിന്റെ ട്രാക്ടറിൽ സന്നിധാനത്തേക്ക് പോവുകയായിരുന്നു. ദർശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറിൽ മലയിറങ്ങി. അപകട സാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ. തീർത്ഥാടനത്തിനായി നട തുറന്നിരിക്കുമ്പോൾ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
Leave feedback about this