loginkerala breaking-news യുവാക്കളെ വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ കേസ്; നടൻ മണിയൻ പിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി; വിവിധ വകുപ്പുകളിൽ കേസ്
breaking-news Kerala

യുവാക്കളെ വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ കേസ്; നടൻ മണിയൻ പിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി; വിവിധ വകുപ്പുകളിൽ കേസ്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി പൊലീസ്. ന​ഗരത്തിൽ ഇന്നലെ രാത്രി ബൈക്ക് യാത്രികരായ യുവാക്കളെ വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയതിന് പിന്നാലെയാണ് മണിയൻ പിള്ള രാജു ഇന്ന് രാവിലെ 9 മണിയോടെ മ്യൂസിയം സ്റ്റേഷനിൽ ഹാജരായത്. സംഭവം അരങ്ങേറി 12 മണിക്കൂർ ശേഷമാണ് മണിയൻപിള്ള രാജു ഹാജരായത്. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയ സംഭവത്തിൽ പോലീസ് കേസെടുക്കും. ഭയപ്പെട്ടതു കൊണ്ടാണ് നിർത്താതെ പോയതെന്നും മദ്യപിക്കുന്ന ആളല്ല താനെന്നും മണിയൻപിള്ള രാജുവിന്റെ മൊഴി. എന്നാൽ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

ട്രിവാൻഡ്രം ക്ലബിൽ നിന്ന് ഇന്നലെ രാത്രി വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികരായ യുവാക്കളെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. വാഹനത്തിന്റെ ആർ.സി രേഖകളിൽ സുധീർ കുമാർ രാജു എന്ന് തിരിച്ചറിഞ്ഞതോടെയാണ് വാഹനം ഇടിച്ച് നിർത്താതെ പോയത് മണിയൻപിള്ള രാജു തന്നെയാണെന്ന് പോലീസും തിരിച്ചറിഞ്ഞത്. എന്നാൽ പോലീസ് നടന്റെ വീട്ടിലേക്ക് രാത്രി തന്നെ എത്തിയെങ്കിലും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. വീടും പൂട്ടിയിട്ട നിലയിലായിരുന്നു.

വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നും പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

Exit mobile version