തിരുവനന്തപുരം :∙ വർക്കലയിൽ ട്രെയിനിൽ നിന്നു പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയത് എന്നുമാണ് സുരേഷ് കുമാറിന്റെ മൊഴി. പെൺകുട്ടിയുടെ പിന്നിൽ നിന്നുമാണ് ചവിട്ടിയത്. സുരേഷ് കുമാറിന്റെ പേരിൽ മുൻപ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളിയാണ് പെൺകുട്ടിയെ തള്ളിയിട്ടതെന്ന് വരുത്തി തീർക്കാൻ സുരേഷ് ഇന്നലെ ശ്രമിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ പൊലീസുമായി മൽപിടിത്തവും നടത്തി.
സുരേഷ് കോട്ടയത്ത് നിന്ന് മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. ശുചിമുറി ഭാഗത്തായിരുന്നു നിൽപ്പ്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
