തൃശൂർ: അക്കികാവ് – കേച്ചേരി ബൈപാസിൽ പന്നിത്തടം ജംക്ഷനിൽ ലോറി കെ എസ് ആർ ടി സി ബസ്സിലിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്ക്.. മീൻ കയറ്റി വരികയായിരുന്ന ലോറിയും കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ശബരി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കെ എസ് ആർ ടി സി ഡ്രൈവറുടെ ആരോഗ്യനിലയും ഗുരുതരമാണ്.
പുലർച്ചെ 1.30 ഓടെ ആയിരുന്നു അപകടം. കുന്നംകുളത്തു നിന്ന് ചെറുതുരുത്തിയിലേക്ക് മത്സ്യവുമായി പോകുകയായിരുന്ന ലോറി പന്നിത്തടം ജംക്ഷന് സമീപത്ത് വെച്ചാണ് ബസ്സിലിടിക്കുന്നത്. കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയിലൂടെ വന്ന ലോറി അമിത വേഗതയിൽ ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും ജംക്ഷനിലെ രണ്ടു കടകളുടെ മുൻവശത്തേക്ക് ഇടിച്ചു കയറിയാണു നിന്നത്. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നു.