breaking-news

എയിംസും രാജഗിരിയും കൈകൊർത്തു, ചരിത്രം കുറിച്ച് അപൂർവജനിതക രോഗത്തിന് രാജ്യത്ത് ആദ്യമായി പൊരുത്തമില്ലായ്മ മറികടന്ന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മലയാളിയായ ഡോ.ശരത് ആർ എസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു സന്ദേശം പങ്കിടുന്നു. രണ്ടുവയസ്സുള്ള ഒരു കുഞ്ഞിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വൈദ്യസഹായം തേടിയുള്ളതായിരുന്നു അത്. ആലുവ രാജഗിരി ആശുപത്രിയിലെ കരൾ രോഗ വിദഗ്ധനായ ഡോ. സിറിയക് അബി ഫിലിപ്സ് സന്ദേശം കാണുന്നതോടെ ഉമർ എന്നുപേരുള്ള ആ കുഞ്ഞിനു മുന്നിൽ രക്ഷയുടെ വാതിൽ തുറക്കുന്നു. അമ്മ സാനിയ പകുത്തുകൊടുത്ത കരൾ അവനിൽ തുന്നിച്ചേർക്കപ്പെടുമ്പോൾ അപൂർവമായൊരു ജനിതകരോഗത്തിന് രാജ്യത്ത് തന്നെ ആദ്യത്തെ ശസ്ത്രക്രിയയായി മാറി അത്.

മെഥൈൽമലോണിക് അസിഡീമിയ എന്ന അപൂർവ്വ ജനിതക രോഗം ബാധിച്ച ന്യൂഡൽഹി ഓഖ്ലാ സ്വദേശിയായ കുഞ്ഞിനാണ് രാജഗിരി ആശുപത്രിയിൽ വിജയകരമായി കരൾ മാറ്റിവെച്ചത്. രക്ത ഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നായിരുന്നു ശസ്ത്രക്രിയ. ഭക്ഷണം കഴിച്ചാൽ ഉടനെ ഛർദി, പിന്നെ ബോധം നഷ്ടമാകുക. ജനിച്ച് മൂന്നാം നാൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളായിരുന്നു കുഞ്ഞിന്. ഡൽഹിയിൽ സാനിയ കയറിയിറങ്ങാത്ത ആശുപത്രികളില്ല. ഒടുവിൽ എയിംസിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് മെഥൈൽമലോണിക് അസിഡീമിയ (എംഎംഎ) എന്ന അപൂർവ്വ ജനിതക രോഗമാണെന്ന് കണ്ടെത്തിയത്. കരളിൽ ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്ത രോഗാവസ്ഥയാണിത്.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹന പ്രക്രിയയെയാണ് രോഗം ബാധിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനുകളെ വിഘടിപ്പിച്ച് അമിനോ ആസിഡുകൾ ആക്കുകയാണ് എൻസൈമുകളുടെ ജോലി. എൻസൈമുകളുടെ അഭാവം മെഥൈൽമലോണിക് അസിഡിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കാൻ കാരണമാകും. ഇത് തലച്ചോർ, വൃക്ക എന്നിവയുടെ പ്രവർത്തനത്തേയും, ചലന ശേഷിയേയും ബാധിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യം നിലനിർത്തുന്നതിനായി ഡോക്ടർമാർ നിർദ്ദേശിച്ച സവിശേഷ ഭക്ഷണങ്ങൾ ഉമറിന് നൽകി താത്കാല ആശ്വാസം കണ്ടെത്തുകയായിരുന്നു അമ്മ സാനിയ.കരൾ മാറ്റിവെക്കുക മാത്രമാണ് പോംവഴി എന്ന് എയിംസിലെ ഡോക്ടർമാർ പറഞ്ഞു. പക്ഷെ കുട്ടികളുടെ കരൾ മാറ്റിവെക്കുന്നതിനുളള സൗകര്യം എയിംസിൽ ഇല്ലായിരുന്നു. സാനിയയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയ എയിംസിലെ ഡോ. ശരത് ആർ എസ് അങ്ങനെയാണ് ‘എക്സിൽ’ കരൾ മാറ്റിവെക്കലിന് സഹായം അഭ്യർത്ഥിച്ചത്. ആലുവ രാജഗിരി ആശുപത്രിയിലെ കരൾ രോഗ വിദഗ്ധനായ ഡോ.സിറിയക് അബി ഫിലിപ്സ് ഉമറിന്റെ കരൾ മാറ്റിവെക്കലിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും രാജഗിരി ആശുപത്രിയിൽ നൽകാമെന്ന് മറുപടിയായി ട്വീറ്റ് ചെയ്തു. ഡോ.അബിയുടെ ലിവർ ഡോക് എന്ന എക്സ് അക്കൗണ്ടിലൂടെ സാനിയ ഡോക്ടറുമായി ആശയവിനിമയം നടത്തി.

ഡോ.അബിയുടെ നിർദ്ദേശത്തെ തുടർന്ന് ഫെബ്രുവരി 11ന് സാനിയ കുഞ്ഞുമായി രാജഗിരി ആശുപത്രിയിൽ എത്തി.
തുടർ പരിശോധനയിൽ കരളിന്റെ പ്രവർത്തന തകരാർ മൂർച്ഛിച്ചതായി കണ്ടെത്തി. അടിയന്തിരമായി കരൾ മാറ്റിവെക്കേണ്ട സാഹചര്യമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർമാർ, ഈ വിവരം സാനിയയെ അറിയിച്ചു. പൂർണ പൊരുത്തമുളള ദാതാവിനെ അന്വേഷിച്ചെങ്കിലും, സാനിയയുടെ കുടുംബത്തിൽ നിന്നും ലഭിച്ചില്ല. ഇതോടെ തന്റെ പകുതി പൊരുത്തമുളള കരൾ മാറ്റിവെച്ചാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമോ എന്നായി സാനിയ. വിജയസാധ്യതയുടെ കണക്കുകളെ മറന്ന് സാനിയ തയ്യാറെടുത്തതോടെ ഡോക്ടർമാരും പൂർണ പിന്തുണയേകി. ഡോ. ബിജു ചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം തന്നെ കരൾമാറ്റിവയ്ക്കലിനായി രൂപീകരിച്ചു. എയിംസിലെ വിദ്ഗധരായ ഡോക്ടർമാരുടെ നിഗമനങ്ങളും, രാജഗിരിയിലെ ഡോക്ടർമാരുടെ കണ്ടെത്തലുകളും സമന്വയിപ്പിച്ചാണ് ശസ്ത്രക്രിയക്ക് വേണ്ട തയ്യാറെടുപ്പ് നടത്തിയത്. ഈ ഏകോപനമാണ് ഇന്ത്യയിൽ ആദ്യമായി അപൂർവ്വ രോഗത്തിനുളള കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ രാജഗിരിയിൽ യാഥാർത്ഥ്യമാക്കിയത്.

ചേരാത്ത രക്തഗ്രൂപ്പുകൾ തമ്മിൽ കരൾ മാറ്റിവെക്കുമ്പോൾ, ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനം പുതിയ കരളിനെ സ്വീകരിക്കാതിരിക്കാൻ സാധ്യത കൂടുതലാണ്. പ്ലാസ്‌മാഫെറെസിസ് ചെയ്തും, ഇമ്യൂണോ സപ്രസ്സീവ് മരുന്നുകൾ നൽകി കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ആന്റിബോഡികളെ നീക്കം ചെയ്ത ശേഷമാണ് കരൾ മാറ്റിവെക്കൽ നടത്തിയത്. സാധാരണ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ നിന്ന് വളരെ ചെലവുകൂടിയ ചികിത്സയാണിത്. എന്നാൽ സാനിയയുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി ശസ്ത്രക്രിയ ചെലവിൽ 40 ലക്ഷത്തോളം രൂപ രാജഗിരി ആശുപത്രി തന്നെ വഹിച്ചു. ലിവർ ട്രാൻസ്‌പ്ലാന്റ് അനസ്തേഷ്യ-ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെയും, പീഡിയാട്രിക് വിഭാഗത്തിലെയും ഡോക്ടർമാർ, ഐസിയു നഴ്സിംഗ് പാരാമെഡിക്കൽ സ്റ്റാഫുകൾ, ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ പരിചയസമ്പത്തും നിർണായകമായി.

കൃത്രിമ പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമത്തിൽ നിന്നും ഉമർ സാധാരണ ആഹാരക്രമത്തിലേക്ക് മാറിയിരിക്കുന്നു. രക്തത്തിലുള്ള എംഎംഎ (മെഥൈൽമലോണിക് അസിഡീമിയ) യുടെ അളവ് 32000 ൽ നിന്ന് സാധാരണ നിരക്കായ 600 ലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. സമയബന്ധിതമായി ഇടപെട്ട് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം നൽകിയ രാജഗിരി ആശുപത്രിക്കും, ഡോക്ടർമാക്കും ട്വീറ്റിലൂടെ ഡോക്ടർ ശരത് നന്ദി അറിയിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video