യെമൻ:നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്രസർക്കാർ. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട് ഇടപെടൽ നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് എംപി അറിയിച്ചു.
നിലവിൽ, നിമിഷപ്രിയയ്ക്കായി നയതന്ത്ര തലത്തിൽ ഉൾപ്പടെ നടന്ന ശ്രമങ്ങൾ ഒന്നും വിജയം കണ്ടിട്ടില്ല. ദയാധനം നൽകി മോചനത്തിന് ഇപ്പോഴും അവസരമുണ്ടെന്നാണ് നിമിഷപ്രിയയ്ക്കായി യെമനിൽ നിയമനടപടികൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറയുന്നത്. ഇദ്ദേഹമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് ജയിൽ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയ വിവരവും പങ്കുവെച്ചത്. പത്ത് ലക്ഷം ഡോളർ ദിയാധനം നൽകിയാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് സാമുവൽ ജെറോം പറയുന്നത്. ഏകദേശം 8 കോടിയിലധികം രൂപ വരും. കൊല്ലപ്പെട്ട യെമനി പൗരനെ തലാൽ അബ്ദു മെഹദിയുടെ കുടുംബത്തെ നേരിൽക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്. കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും സാമുവൽ ജെറോം പറയുന്നു. കുടുംബത്തെ നേരിൽക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്.
നിമിഷപ്രിയ കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി വധശിക്ഷ വിധിച്ചെങ്കിലും അബ്ദു മെഹദിയുടെ കുടുംബം മാപ്പ് നൽകുകയാണെങ്കിൽ ശിക്ഷ റദ്ദാക്കാൻ കഴിയും. നിമിഷ തടവിൽ കഴിയുന്ന മേഖല ഹൂത്തി നിയന്ത്രിത മേഖലയായത് നേരിട്ടുള്ള ഇടപെടലുകൾക്ക് തിരിച്ചടിയാകുന്നുണ്ട്. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിലവിൽ യെനിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തിലെ ചിലർ ദിയാധനം സ്വീകരിക്കാൻ വിസമ്മതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നിമിഷപ്രിയയുടെ മോചനത്തിന് തിരിച്ചടിയാകുന്നതും ഇതാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും അംഗീകരിച്ചാൽ മാത്രമേ ദയാധനം വാങ്ങി കേസ് ഒത്തുതീർപ്പാക്കാൻ കഴിയൂ. എങ്കിൽ മാത്രമേ വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കുകയമുള്ളൂ. മരിച്ചയാളുടെ അനന്തരാവകാശികളുടെ നിലപാടും ഗോത്ര നേതാക്കളുടെ നിലപാടും ഇവിടെ നിർണായകമാണ്…കുറച്ച് സമയം മാത്രമേ മുന്നിലുള്ളൂവെങ്കിലും നയതന്ത്രഇടപെടലിലൂടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയയുടെ കുടുംബം.
Leave feedback about this