ആലപ്പുഴ∙ സംസ്ഥാനത്തിന്റെ മതനിരപേക്ഷതാ ബോധത്തിന് വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് സാഫല്യത്തിൽ എത്തണമെങ്കിൽ നല്ല നിലയിലുള്ള ഔചിത്യ ബോധമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവേകം വളർത്തിയെടുക്കണം. വകതിരിവ് നല്ലതോതിൽ സൃഷ്ടിക്കാനാകണം.
കാര്യകാരണ ബന്ധം പരിശോധിച്ചാകണം ഏതിനെയും സമീപിക്കേണ്ടത്. അങ്ങനെയാണ് അറിവിന്റെ സാമൂഹ്യവിനിയോഗത്തിനുള്ള ശേഷി ആർജിക്കുന്നത്. അറിവ് അവരവരിൽ ഒതുങ്ങി നിൽക്കരുത്. സമൂഹത്തിന് ഉപകരിക്കുന്ന തരത്തിൽ അത് വിനിയോഗിക്കാൻ ഒരു മനസ്സ് സൃഷ്ടിക്കാൻ കഴിയണം. അതിന്റെയെല്ലാം അഭാവം ഉണ്ടായാൽ അറിവ് ഉണ്ടെങ്കിലും അറിവില്ലായ്മയുടെ ഫലം ചെയ്യും. അറിവിനെ ജീവിതവും സമൂഹവുമായി ബന്ധിക്കണം. ജീവിതത്തിൽ അറിവ് പ്രയോഗിക്കാൻ കഴിയുന്നവരായി കുട്ടികളെ വളർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തില്‍ നല്ലതല്ലാത്ത കാര്യങ്ങളുമുണ്ട്. അവയെക്കുറിച്ച് ബോധവൽക്കരണം നടത്തണം. പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രങ്ങളാക്കി സ്കൂളിനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണം. അതിൽ വിദ്യാർഥികൾക്കും പങ്കുവഹിക്കാനാകണം. സാമൂഹിക മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്ന ഇടങ്ങളാണ് പൊതു വിദ്യാലയങ്ങൾ. ഈ തിരിച്ചറിവ് ഇടയ്ക്ക് സമൂഹത്തിനു നഷ്ടമായി. 9 വർഷമായി അതിനു മാറ്റമുണ്ടായി. പൊതുവിദ്യാലയങ്ങൾ അടയ്ക്കുന്നതും കുട്ടികൾ കൊഴിഞ്ഞു പോകുന്നതും അവസാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Leave feedback about this