കൊച്ചി: കപ്പൽ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ വിഫലം. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ(74കിലോമീറ്റർ) അറബിക്കടലിൽ ചെരിഞ്ഞ എം.എസ്.സി എൽസ-3 എന്ന ചരക്കുകപ്പൽ മുങ്ങി. 90 ശതമാനത്തോളം കപ്പൽ ഇതിനോടകം മുങ്ങിക്കഴിഞ്ഞു. കപ്പൽ ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പൽ പൂർണമായും മുങ്ങി. കപ്പലിൽ അവശേഷിച്ച കണ്ടെയ്‌നറുകളെല്ലാം കടലിൽ പതിച്ചു.
ഭൂരിഭാഗം ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർ കപ്പലിൽ തുടർന്നത് കപ്പൽ നിവർത്താനുള്ള ദൗത്യം കണക്കിലെടുത്തായിരുന്നു. 26 ഡിഗ്രി ചരിഞ്ഞനിലയിലായിരുന്നു കോസ്റ്റ് ഗാർഡ് എത്തുമ്പോൾ. കപ്പൽ ഉയർത്താൻ സാധിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതീക്ഷ. എന്നാൽ കപ്പൽ കൂടുതൽ ചരിയുകയും കൂടുതൽ കണ്ടെയ്‌നറുകൾ വീണ്ടും കടലിൽ പതിക്കുകയും ചെയ്തതോടെ നിവർത്തൽ അസാധ്യമായി. സുരക്ഷ കണക്കിലെടുത്ത് അവശേഷിച്ച മൂന്ന് പേരെയും കപ്പലിൽ നിന്നും രാവിലെ നാവികസേന രക്ഷിച്ചു. കണ്ടെയ്‌നറുകൾ പൂർണമായും കടലിൽ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്.
ഇന്ധനം ചോർന്നാൽ അത് കടലിലെ ജീവികളെ ബാധിക്കും. കണ്ടെയ്നറുകളിൽ രാസവസ്തുക്കളുണ്ടെങ്കിൽ അത് നീക്കുന്നതിനും വിദഗ്ധസംവിധാനങ്ങളുണ്ട്. കപ്പലിൽ നിലവിൽ ഉള്ളതും കടലിൽ ഒഴുകി നടക്കുന്നതുമായ കണ്ടെയ്നറുകളിലെ കാർഗോ എന്താണെന്ന് കപ്പൽ കമ്പനിക്കുമാത്രമേ അറിയാനാകൂ. കപ്പലിൽ ഉപയോഗിക്കുന്ന ബങ്കർ ഓയിൽ ആയിരിക്കാമെന്ന് കേരള മാരിടൈം ബോർഡ് മുൻ ചെയർമാനും മാരിടൈം നിയമത്തിൽ വിദഗ്ധനുമായ സീനിയർ അഭിഭാഷകൻ വി.ജെ. മാത്യു പറഞ്ഞു.
Leave feedback about this