ഹൈദ്രാബാദ്: ആഗോള റീടെയിൽ ബിസിനസ് ശൃംഖലയുടെ മേധാവി ലുലു ഗ്രൂപ്പ് ചെയർമാന് പുതിയ നേട്ടം. തെലങ്കാന ഹൈദരാബാദിലെ കുകട്പള്ളിയിൽ സ്ഥിതി ചെയ്യുന്ന മഞ്ജീര മാളിനായി ലുലു ഇന്റര്‍നാഷണല്‍ സമര്‍പ്പിച്ച റെസല്യൂഷന്‍ പ്ലാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) ഹൈദരാബാദ് ബെഞ്ച് അംഗീകരിച്ചു. മഞ്ജീര മാളിന്റെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള പദ്ധതിയാണ് അംഗീകരിക്കപ്പെട്ടത്. ഇതോടെ മഞജീര മാൾ ലുലുമാളായി പ്രവർത്തിക്കും.
2023 സെപ്റ്റംബറില്‍ ലീസ് അടിസ്ഥാനത്തില്‍ മഞ്ജീര മാളില്‍ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മഞ്ജീര മാളിന്റെ പ്രമോട്ടറും, ബിജെപി നേതാവുമായ ജി യോഗാനന്ദ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് കാര്യങ്ങള്‍ മാറിയത്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ അദ്ദേഹവും, മഞ്ജീര മാനേജ്മെന്റും പരാജയപ്പെട്ടു. ഇതോടെ വായ്പ നല്‍കിയവര്‍ ഇടഞ്ഞു. തിരിച്ചടവ് മുടങ്ങല്‍ തുടര്‍ച്ചയായതോടെ വിഷയം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) എത്തി. സ്റ്റാറ്റിയൂട്ടറി ബോഡി അപേക്ഷ സ്വീകരിക്കുകയും, കോര്‍പ്പറേറ്റ് പാപ്പരത്ത നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ലേല നടപടികളില്‍ മാളിനായി 49 ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇവിടെയാണ് എം.എ യൂസഫലിയും, ലുലുവും വിജയം നേടിയിരിക്കുന്നത്.
മഞ്ജീര മാളിനായി 318.42 കോടിയാണ് മുന്നോട്ടുവച്ചത്. ഏകദേശം 317.30 കോടി രൂപയുടെ ബാധ്യതയാണ് മാളിനുള്ളത്. രാജ്യത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ലുലുവിനെ സംബന്ധിച്ച് മഞ്ജീര മാളിനെ സ്വന്തമാക്കാന്‍ സാധിച്ചത് മികച്ച നേട്ടമാണ്. ഇതോടെ നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന മഞ്ജീര മാളില്‍ തന്നെ ലുലുവിന് തുടരാനും സാധിക്കും.
നാഗ്പൂരില്‍ ഉടനെ തന്നെ ഒരു പുതിയ പദ്ധതി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിശാഖപട്ടണം, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വിപുലീകരണത്തിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് കമ്പനിയുടെ ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫ് അലി വ്യക്തമാക്കിയിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമായ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ഇന്ത്യയുടെ യാത്രയില്‍ പങ്കാളിയാകാന്‍ ആഹ്രിക്കുന്നുവെന്ന് യൂസഫലി പ്രതികരിച്ചത്. ഇപ്പോള്‍ അഹമ്മദാബാദില്‍ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്ന് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. വിശാഖപട്ടണത്ത് മറ്റൊന്നിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നാഗ്പൂരില്‍ ഒരു പുതിയ പ്രോജക്റ്റിനുള്ള പ്രാരംഭ ഘട്ട നടപടികൾ ആരംഭിച്ചെന്ന് അദ്ദേഹം പ്രതികരിച്ചത്.
Leave feedback about this