2025 മാർച്ച് 30 മുതൽ കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് (ഗാറ്റ്വിക്ക്) നേരിട്ടുള്ള സർവീസ് നിർത്തലാക്കാനുള്ള എയർ ഇന്ത്യ എയർ ഇന്ത്യയുടെ നീക്കം പുനപരിശോധിക്കുന്നതിനുള്ള നടപടികളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡുവിന് കത്ത് നൽകി.ഉയർന്ന പാസഞ്ചർ ലോഡ് ഫാക്ടറും (PLF) ഇന്ത്യയും യുകെയും തമ്മിലുള്ള ഒരു സുപ്രധാന കണക്റ്റിവിറ്റി ലിങ്ക് എന്ന നിലയിൽ ഈ സർവീസിന്റെ പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ തീരുമാനം ആശയക്കുഴപ്പമുണ്ടാക്കുന്നതായി ഹൈബി ഈഡൻ എം പി പറഞ്ഞു.
കൊച്ചി-ലണ്ടൻ (ഗാറ്റ്വിക്ക്) സർവീസ് ഒട്ടേറെ പ്രവാസി സമൂഹത്തിനും, ബിസിനസ്സ് യാത്രക്കാർക്കും, വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമായ ഒന്നാണ്.യുകെയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ധാരാളം നഴ്സുമാർ, അവരുടെ ജോലിസ്ഥലങ്ങൾക്കും വീടുകൾക്കും ഇടയിലുള്ള യാത്രയ്ക്കായി ഈ നേരിട്ടുള്ള വിമാനത്തെ വളരെയധികം ആശ്രയിക്കുന്നു.ഈ സേവനം നിർത്തലാക്കുന്നത് ഈ നഴ്സുമാർക്കും മറ്റ് യാത്രക്കാർക്കും കാര്യമായ അസൗകര്യമുണ്ടാക്കുകയും പ്രതികൂല സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇന്ത്യയും യുകെയും തമ്മിലുള്ള ടൂറിസം, വ്യാപാരം, സാംസ്കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും ഹൈബി ഈഡൻ പറഞ്ഞു.തീരുമാനം പുനഃപരിശോധിക്കാനും കൊച്ചി-ലണ്ടൻ (ഗാറ്റ്വിക്ക്) സർവീസ് തുടരാനും എയർ ഇന്ത്യയ്ക്ക് നിർദേശം നൽകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം പി പറഞ്ഞു. സർവ്വീസ് തുടരുന്നതിന് വേണ്ടുന്ന അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹൈബി പറഞ്ഞു
Leave feedback about this