കൊച്ചി: ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019-ൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതി സംസ്ഥാനത്ത് വിജയകുതിപ്പിൽ. നിലവിൽ 11 ജില്ലകളിലായി 431 ബ്രോയ്ലർ ഫാമുകളും 139 ഔട്ട്ലെറ്റുകളും ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നടത്തുന്ന ഈ പദ്ധതി കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് വിപണന അവസരമൊരുക്കുന്നു. ഇവരുടെ ഫാമുകളിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം കൂത്താട്ടുകുളത്തുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ പ്ലാന്റിലെത്തിച്ച് സംസ്കരിച്ചു പായ്ക്ക് ചെയ്യുന്നു.ഓരോപാക്കറ്റിലും ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ, ഏത് ഫാമിൽ വളർത്തിയ കോഴിയാണെന്ന് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും.
450 ഗ്രാം, 900 ഗ്രാം എന്നീ അളവുകളിൽ ലഭ്യമായ ഉൽപ്പന്നങ്ങൾ ഗുണമേന്മയിലും സുതാര്യതയിലും വിശ്വസ്തത പുലർത്തുന്നു.എറണാകുളം ജില്ലയിലെ സൂപ്പർമാർക്കറ്റുകളിൽ കേരള ചിക്കന്റെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ലഭ്യമാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരള ചിക്കൻ ഔട്ട്ലെറ്റുകളിലും ഫ്രോസൺ ചിക്കൻ പ്രോഡക്റ്റ് ലഭ്യമാക്കും.ഉപഭോക്താക്കൾക്കും കർഷകർക്കും ഒരുപോലെ നേട്ടം നൽകുന്ന കേരള ചിക്കൻ പദ്ധതി ഭക്ഷ്യസുരക്ഷയുടെയും വരുമാന വർധനയുടെയും ഉത്തമ മാതൃകയായി വളർന്ന് വരുകയാണ് .വാഴക്കുളം കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്ററായ എം.ഡി. സന്തോഷ് സ്വാഗതം പറഞ്ഞു. വാഴക്കുളം സിഡിഎസ് ചെയർപേഴ്സൺ ഷെമീന അബ്ദുൽഖാദർ അധ്യക്ഷയായി ചടങ്ങിൽ, കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോർഡിനേറ്റർ റ്റി. എം റെജിന ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീയുടെ ഭാഗമായ KBFPCL (കേരള ബ്രോയ്ലർ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്) മാർക്കറ്റിംഗ് മാനേജറായ എസ് അഗിൻ കേരള ചിക്കൻ ” ഫ്രോസൺ ചിക്കൻ പ്രോഡക്റ്റ് ” ജില്ലാ മിഷൻ കോർഡിനേറ്റർക്ക് കൈമാറി ഉൽപന്നം ലോഞ്ച് ചെയ്തു.
ചടങ്ങിൽ ഫാം ലൈവ് ലിഹുഡ് ജില്ലാ പ്രോഗ്രാം മാനേജറായ അനൂപ്. കെ. എം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അനിമൽ ഹസ്ബൻഡ്രി ജില്ലാ പ്രോഗ്രാം മാനേജറായ അഞ്ജന ഉണ്ണി നന്ദിപ്രകടിപ്പിച്ച് ചടങ്ങ് സമാപിച്ചു. ചെയർപേഴ്സൺമാർ ജില്ലയിലെ ഫാം ലൈവ് ലിഹുഡ്ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, കേരള ചിക്കൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, ജില്ലാ പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
Leave feedback about this