കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോഴൊക്കെ ഹാജരാകാനും കോടതി നിർദേശം നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിൽനിന്നും ഒഴിവാക്കണമെന്നുമെന്നും കോടതി നിർദേശിച്ചു.പോലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ദ്വയാർഥ പ്രയോഗമാണ് പ്രതി നടത്തിയതെന്ന് വ്യക്തമാണ്. പ്രതിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുന്നതല്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
Leave feedback about this