breaking-news Kerala news

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ മാറ്റം; ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.”രാവിലെ സി.ടി സ്‌കാന്‍ ചെയ്യാന്‍ ഉമാ തോമസിനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാന്‍ ചെയ്ത ശേഷമാകും ഇപ്പോഴത്തെ ചികിത്സ തന്നെ തുടരുകയാണോ അതോ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുക. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വന്നിരുന്നു. അവര്‍ ഉമ തോമസിനെ കണ്ടു, ഡോക്ടര്‍മാരുമായി സംസാരിച്ചു.

നിലവിലുള്ള ചികിത്സാ രീതി തുടരുക എന്നതു തന്നെയാണ് അവരുടെയും പക്ഷം. ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് സിടി സ്‌കാന്‍ ചെയ്ത ശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി പുറത്തിറക്കും. ഒരു ശസ്ത്രക്രിയ വേണ്ടതില്ല എന്ന നിലപാടു തന്നെയാണ് കോട്ടയത്തെയും ഇവിടത്തെയും ഒപ്പം ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാരുടെയും അഭിപ്രായം. എങ്കിലും കുറച്ചുസമയത്തേക്കുകൂടി വെന്റിലേറ്ററിന്റെ പിന്തുണ വേണ്ടിവരും. അഞ്ചംഗ വിദഗ്ധ സംഘം നിരീക്ഷണം തുടരും. കഴിഞ്ഞ ദിവസം ആശങ്കപ്പെട്ടതുപോലെയുള്ള ഒരു അവസ്ഥ ഇന്നില്ല. തുടക്കത്തില്‍ അതീവ ഗുരുതരാവസ്ഥയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ ആ സാഹചര്യമില്ല.”

അതേസമയം അപകടം നടന്ന ശേഷമാണ് ഇത്തരത്തില്‍ ഒരു പരിപാടി നടക്കുന്ന കാര്യം അറിയുന്നതെന്നും രാജീവ് പറഞ്ഞു. സംഘാടകരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹൈബി ഈഡന്‍ എംപിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് കഴിഞ്ഞ ദിവസം ഉമാ തോമസിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് വൈകീട്ട് ആറരയോടെയാണ് അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video