archive Politics

എന്റെ പ്രതിച്ഛായ തകർക്കാൻ നിരന്തര ശ്രമം’: രാഹുലിനെതിരെ വിമർശനവുമായി മോദി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നുവെന്നും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ഇതിനു ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നടന്ന പൊതുസമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

  ‘‘2014 മുതൽ നമ്മുടെ രാജ്യത്ത് ചിലരുണ്ട്. പരസ്യമായി സംസാരിക്കുകയും മോദിയുടെ പ്രതിച്ഛായ തകർക്കുമെന്ന് ദൃഢനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്ത ചിലർ. ഇതിനായി അവർ വിവിധ ആളുകൾക്ക് ‌കരാർ നൽകിയിട്ടുണ്ട്. ഇവരെ പിന്തുണയ്ക്കാൻ ചിലർ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നു. ഈ ആളുകൾ തുടർച്ചയായി മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാനും കളങ്കപ്പെടുത്താനും ശ്രമിക്കുന്നു. എന്നാൽ ഇന്ത്യയിലെ ദരിദ്രരും ഇടത്തരക്കാരും ആദിവാസികളും ദലിതരും പിന്നോക്കക്കാരും ഉള്‍പ്പെടെ ഓരോ ഇന്ത്യക്കാരനും മോദിയുടെ സുരക്ഷാ കവചമായി മാറി.ഇത് അവരെ ചൊടിപ്പിക്കുന്നു. മുൻ സർക്കാരുകൾ വോട്ട് ബാങ്ക് പ്രീണനത്തിന്റെ തിരക്കിലാണ്. എന്നാൽ എന്റെ സർക്കാർ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന തിരക്കിലാണ്. മുൻ സർക്കാരുകൾ ഒരു കുടുംബത്തെ രാജ്യത്തെ പ്രഥമ കുടുംബമായി കണക്കാക്കി. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും അവർ അവഗണിച്ചു‘‘ മോദി പറഞ്ഞു.