loginkerala Kerala 7 ദിവസം കൊണ്ട് എസ്.ടി.പി സ്ഥാപിക്കാൻ കൈയിൽ മാന്ത്രികവടി ഇല്ല : ടി ജെ വിനോദ് എം.എൽ.എ
Kerala

7 ദിവസം കൊണ്ട് എസ്.ടി.പി സ്ഥാപിക്കാൻ കൈയിൽ മാന്ത്രികവടി ഇല്ല : ടി ജെ വിനോദ് എം.എൽ.എ

കൊച്ചി നഗരത്തിലെ 71 ഫ്ലാറ്റുകളിൽ സീവേജ് ട്രീറ്റ്മെൻറ്റ് പ്ലാന്റുകൾ 7 ദിവസത്തിനകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും, നഗരസഭയുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു കാണിച്ചു കൊണ്ട് വൈദ്യുതി ബോർഡിന്റെയും നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ടി ജെ വിനോദ് എം.എൽ.എ

കടവന്ത്ര, പനമ്പിള്ളി നഗർ, കതൃക്കടവ്, തേവര, പച്ചാളം, എളമക്കര, കലൂർ, ഇടപ്പള്ളി പ്രദേശങ്ങളിലായി 71 ഫ്ലാറ്റുകൾക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. രോഗികളും വയോധികരും ഉൾപ്പടെയുള്ള താമസക്കാർക്ക് ഈ വൈദ്യുതി വിച്ഛേദിക്കൽ നടപടി വലിയ ദുരന്തമായി വന്നു ചേരുമെന്നത് ഉറപ്പാണ്.

എസ്.ടി.പി സ്ഥാപിക്കാൻ അംഗീകൃതരായ ഏജൻസികളുടെ പട്ടികപോലും പൊലൂഷൻ കണ്ട്രോൾ ബോർഡിൻറെ പക്കലില്ല. ചില ഫ്ളാറ്റുകൾക്ക് കഴിഞ്ഞ മാസം മേല്പറഞ്ഞ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ലഭിച്ചവർ മലിനജല ശുദ്ധീകരണ സംവിധാനം ഒരുക്കുന്ന ഘട്ടത്തിലാണ് ഇത് പൂർത്തിയാക്കുവാൻ 12 മാസം വരെ വേണ്ടിവരുമെന്നും ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.

നോട്ടീസ് ലഭിച്ച ഫ്ലാറ്റുകൾ എല്ലാം തന്നെ നിർമ്മിച്ച കാലഘട്ടത്തിൽ മേല്പറഞ്ഞ പറഞ്ഞ നിയമങ്ങൾ ഒന്നും തന്നെ നിലവിലില്ലായിരുന്നു, നഗരസഭ നൽകിയ ഒക്യു്പെൻസി സർട്ടിഫിക്കറ്റ് വിശ്വസിച്ചു ഫ്ലാറ്റുകൾ വാങ്ങി താമസം തുടങ്ങിയ ഇവരെ ഇപ്പോൾ പെരുവഴിയിലേക്ക് ഇറക്കി വിടുന്ന തരത്തിലുള്ള നഗരസഭ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നും ടിജെ വിനോദ് എം.എൽ.എ പറഞ്ഞു.

സീവേജ് ട്രീറ്റ്മെൻറ്റ് പ്ലാന്റുകൾ ആവശ്യം തന്നെയാണ്, എന്നാൽ വെറും 7 ദിവസം മാത്രം സമയം നൽകി എസ്.ടി.പി സ്ഥാപിക്കാൻ മാന്ത്രികവടി വല്ലതും വേണ്ടി വരും. യാഥാർഥ്യബോധത്തെ ഉൾക്കൊള്ളാതെ ഇത്തരത്തിൽ നോട്ടീസുകൾ ഇറക്കുന്നത് പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കകൾക്ക് വഴിയൊരുക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ടിജെ വിനോദ് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.

Exit mobile version