റിയാദ്: വ്യാപാര, വാണിജ്യ ബന്ധങ്ങളില്‍ ഇന്ത്യയും സൗദിയും കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. സൗദി ചേംബര്‍ റിയാദില്‍ സംഘടിപ്പിച്ച സൗദി – ഇന്ത്യന്‍ വ്യവസായികളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ ഇരുരാജ്യങ്ങളിലെയും ചേംബര്‍ പ്രതിനിധികള്‍ ഒപ്പ് വെച്ചു.
മന്ത്രി പീയുഷ് ഗോയല്‍, സൗദി ചേമ്പര്‍ പ്രസിഡന്റ് ഹസന്‍ അല്‍ ഹുവൈസി എന്നിവരുടെ സാന്നിധ്യത്തില്‍ സൗദി ചേംബര്‍ സെക്രട്ടറി ജനറല്‍ വലീദ് അല്‍ അറിനാന്‍, ഐ.ടി.സി. ഗ്രൂപ്പ് ചെയര്‍മാനും ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രസിഡണ്ടുമായ സഞ്ജീവ് പുരിയുമാണ് ധാരണ പത്രത്തില്‍ ഒപ്പ് വെച്ചത്.
സൗദിയിലെ ഇന്ത്യന്‍ വ്യവസായികളുടെ സേവനം പ്രശംസനീയമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപാവസരങ്ങളെക്കുറിച്ചും മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. സൗദി അറേബ്യയിലെയും ഇന്ത്യയിലെയും നൂറിലധികം വാണിജ്യ വ്യവസായ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
ഉഭയകക്ഷി കരാറുകള്‍, രണ്ട് രാജ്യങ്ങളുടെയും വ്യവസായ പങ്കാളിത്തത്തില്‍ കുതിച്ചു ചാട്ടം നടത്തുമെന്ന് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഏഴാം എഡിഷനില്‍ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി അറിയിച്ചു. സൗദിയുടെ പുരോഗതിക്കൊപ്പം ലുലുവും ദ്രുതഗതിയില്‍ സഞ്ചരിക്കുന്നുവെന്നും സൗദിയില്‍ 58 ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്ള ലുലു 100 എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനു പിന്നില്‍ സൗദി കിരീടാവകാശിയുടെ സഹായവും സഹകരണവും പിന്തുണയും നന്ദിയോടെ ഓര്‍ക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
സൗദിയിലെ ഇന്ത്യന്‍ അമ്പാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, അസ്സദ് അല്‍ ജുമായി, മാജിദ് അല്‍ ഒതായ്ശന്‍ എന്നിവരും സംബന്ധിച്ചു. ഫെഡറേഷന്‍ ഓഫ് സൗദി ചേംബഴ്‌സ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്