തിരുവനന്തപുരം: നഗരസഭാ ചെയര്‍പേഴ്‌സനെ യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. അത് പൊതുവെ അംഗീകരിക്കപ്പെട്ടതുമാണ്. ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പ്രധാന പ്രശ്നം. കലാ രാജുവിന് ഉണ്ടായ പരാതിയിൽ ശക്തമായ നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും. സ്ത്രീകൾക്കെതിരെയുള്ള ആക്രമണം ഗൗരവമായി കാണും. അവരുടെ പരാതി ഗൗരവമായി കണ്ടു നടപടി സ്വീകരിക്കും.
സ്ഥലത്ത് സംഘര്‍ഷാവസ്ഥയോ മറ്റു ക്രമസമാധാന പ്രശ്‌നങ്ങളോ നിലവിലില്ല. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചുവരുന്നു. അതിനാല്‍ ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനൂപ് ജേക്കബിൻ്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മറുപടിയുടെ പ്രസക്തഭാഗം:-
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലുള്ള കൂത്താട്ടുകുളം നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ യുഡിഎഫ് നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയ ചര്‍ച്ച 18ന് നടത്താൻ നിശ്ചയിച്ചിരുന്നു. 25 അംഗ നഗരസഭയില്‍ 13 അംഗങ്ങള്‍ എല്‍.ഡി.എഫും 11 അംഗങ്ങള്‍ യു.ഡി.എഫും ഒരാള്‍ സ്വതന്ത്രനുമാണ്. അവിശ്വാസ പ്രമേയാവതരണ ഘട്ടത്തില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന ബഹു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്തില്‍ പോലീസ് ആവശ്യമായ ബന്തവസ്സ് ഏര്‍പ്പെടുത്തിയിരുന്നു.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ എല്‍ഡിഎഫിലെ കലാരാജുവിനെ നഗരസഭാ ചെയര്‍പേഴ്‌സന്റെ കാറില്‍ കയറ്റിക്കൊണ്ടുപോയതായി പരാതി ഉണ്ടായിട്ടുണ്ട്. സിപിഐഎം കൗണ്‍സിലറായ കലാരാജുവിനെ ചെയര്‍പേഴ്‌സന്റെ കാറില്‍ കൂട്ടിക്കൊണ്ടുപോയത് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുത്താന്‍ വേണ്ടിയായിരുന്നുവെന്ന ആക്ഷേപം ഉന്നയിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും നഗരസഭാ കാര്യാലയത്തിനുമുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന നിലയുണ്ടായി.
സംഭവത്തില്‍ കൗണ്‍സിലറുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം നം. 61/2025 ആയി കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റു ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു വരുന്നു.
കലാരാജു വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും തുടര്‍ന്ന് അവരെ കൂത്താട്ടുകുളം ഗവ. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്. പിറവം എംഎല്‍എയുടെ നേതൃത്വത്തില്‍ 75 ഓളം പേര്‍ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനു മുന്‍വശത്ത് പ്രവേശന കവാടത്തില്‍ നിയമവിരുദ്ധമായി കുത്തിയിരുന്ന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചതിന് ക്രൈം. നം. 65/2025 ആയും യുഡിഎഫ് പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം നം. 63/2025 ആയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
Leave feedback about this