archive Politics

സിപിഎമ്മിന് എൻഎസ്എസിനോട് യാതൊരു പിണക്കവുമില്ല; സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്എസിനോട് യാതൊരു പിണക്കവുമില്ലെന്ന്  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ  നേതാക്കന്മാരെയും കാണും. സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ ഒരുങ്ങുകയാണ് സിപിഎം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

തെരഞ്ഞെടുപ്പിനായി എല്ലാ  നേതാക്കന്മാരെയും കാണുമെന്ന് പറഞ്ഞ അദ്ദേഹം എൻഎസ്എസിനോട് പിണക്കമില്ലെന്നും വ്യക്തമാക്കി. എൻഎസ്എസ് ചില സമയങ്ങളിൽ  എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നതെന്ന് പറഞ്ഞ എം വി ഗോവിന്ദൻ, മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും അഭിപ്രായപ്പെട്ടു.

അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കം ഉൾപ്പെട്ട മാസപ്പടി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനോട് എംവി ഗോവിന്ദൻ  പ്രതികരിച്ചില്ല. വിഷയത്തിൽ മറുപടി നൽകാതെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്തത്.