തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിലുള്ള എ.പദ്മകുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. എല്ലാവരെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ബാലന് പ്രതികരിച്ചു.പദ്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല. പാര്‍ട്ടി ആരെയും മനഃപൂര്‍വം നശിപ്പിക്കില്ല. പരസ്യപ്രതികരണം വര്‍ഗശത്രുക്കള്‍ക്ക് സഹായകരമാകരുതെന്നും അദ്ദേഹം പറഞ്ഞു,
പദ്മകുമാറിനെപ്പോലുള്ള നേതാവ് പെട്ടെന്നുള്ള വികാരത്തില്‍ പ്രതികരിക്കരുതായിരുന്നു. പദവി ഇല്ലെങ്കിലും ജനസേവനത്തിന് തടസമില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാന സമ്മേളനത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനു പിന്നാലെ നിലപാടിൽ ഉറച്ച് മുതിർന്ന നേതാവ് എ. പദ്മകുമാർ. പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല, 66 ൽ തന്നെ എല്ലാം ത്യജിക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്മകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു.
50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞ് ഒമ്പതു വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്നും പദ്മകുമാർ കുറ്റപ്പെടുത്തി. എന്നാൽ, സിപിഎം വിടില്ല, ബ്രാഞ്ചിൽ പ്രവർത്തിക്കാനാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പദ്മകുമാർ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. തൊട്ടു പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഇദ്ദേഹം ഉന്നയിച്ചിരുന്നു. “ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പദ്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിച്ചു.